India
ഹുബ്ബള്ളിയിൽ പൊലീസിനെ ആക്രമിച്ച കേസ് പിൻവലിച്ച് കർണാടക സർക്കാർ
India

ഹുബ്ബള്ളിയിൽ പൊലീസിനെ ആക്രമിച്ച കേസ് പിൻവലിച്ച് കർണാടക സർക്കാർ

Web Desk
|
11 Oct 2024 5:38 PM GMT

എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫ് അടക്കമുള്ള 139 പേർക്കെതിരെയായിരുന്നു കേസ്

ബെംഗളൂരു: ഹുബ്ബള്ളിയിൽ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ച സംഭവത്തിലെ ക്രിമിനൽ കേസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ബിജെപി ഭരണകാലത്ത് 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അതേസമയം, കേസ് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി രംഗത്തുവന്നു.

43 കേസു​കളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് ‘അൻജുമൻ ഇസ്‍ലാമി​’​ സംഘടനയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഹുബ്ബള്ളി കലാപ കേസ് പിൻവലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഹുബ്ബള്ളിയിലെ വിവിധ ദലിത് സംഘടനകളുടെ ​കൂട്ടായ്മയുടെ പ്രസിഡന്റ് ഡിബി ചലവാഡിയും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫ് അടക്കമുള്ള 139 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

അഭിഷേക് ഹിരേമത് എന്നയാൾ സാമൂഹിക മാധ്യമത്തിൽ പള്ളിക്ക് മുകളിൽ കാവിക്കൊടി സ്ഥാപിച്ചതായുള്ള ചിത്രം പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമാകുന്നത്. ജനങ്ങൾ ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. സമാധാനമായി തുടങ്ങിയ ​പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി.

പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയതെന്ന് പൊലീസ് പറയുന്നു. സംഘർഷത്തിനിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പ്രതികൾക്കെതിരെ കലാപം, കൊലപാതകശ്രമം, പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും യുഎപിഎയും ചുമത്തിയിരുന്നു.

2023 ഒക്ടോബറിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഈ കുറ്റങ്ങൾ പുനഃപരിശോധിക്കാൻ ശുപാർശ ചെയ്യുകയും കേസ് പിൻവലിക്കാൻ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന് കത്തയക്കുകയും ചെയ്തു. ആഭ്യന്തര വകുപ്പ് പിന്നീട് തെളിവുകൾ, എഫ്ഐആറുകൾ, സാക്ഷി മൊഴികൾ എന്നിവ അവലോകനം ചെയ്യുകയും കുറ്റങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

അതേസമയം, ഹുബ്ബള്ളി കലാപ കേസ് പിൻവലിച്ചതിനെതിരെ ബിജെപി കടുത്ത പ്രതിഷേധമായി രംഗത്തുണ്ട്. പ്രീണനത്തിന്റെ അങ്ങേയറ്റമാണിതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു. നിർഭാഗ്യവശാൽ കർണാടകയിലെ കോൺഗ്രസ് പാർട്ടി പ്രീണനത്തിന്റെ പാരമ്യത്തിലാണ്. യുഎപിഎ പ്രകാരമുള്ള കേസാണ് പിൻവലിച്ചത്. വിഷയം എൻഐഎയുടെ പരിഗണനയിലാണുള്ളത്. സാധാരണഗതിയിൽ അത് പിൻവലിക്കാൻ സാധിക്കില്ല എന്നാണ് തന്റെ അറിവ്. പക്ഷെ, എന്നിട്ടും അവർ അത് പിൻവലിച്ചുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം, ചില കേസുകൾ പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുണ്ട്. അവരുടെ വിവേചനാധികാരപ്രകാരം അവർ തീരുമാനം എടുക്കുകയും മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഹുബ്ബള്ളിയിൽ ബിജെപി പ്രതിഷേധം നടത്തുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. യഥാർഥ വിഷയങ്ങളിലല്ല, ബിജെപി എപ്പോഴും തെറ്റായ കാര്യത്തിന് വേണ്ടിയാണ് പ്രതിഷേധങ്ങൾ നടത്താറുള്ളതെന്ന് സിദ്ധരാമയ്യ മറുപടി നൽകി.

മുൻ ബിജെപി എംഎൽഎ രേണുകാചാര്യ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗമടക്കമുള്ള കേസുകളും കർണാടക സർക്കാർ പിൻവലിച്ചിട്ടുണ്ട്. 2020ലാണ് രേണുകാചാര്യക്കെതിരെ കേസെടുക്കുന്നത്. ന്യൂനപക്ഷങ്ങൾ ആയുധങ്ങൾ പൂഴ്ത്തിവെച്ച് ഭീകരതയുടെ സംസ്കാരം വളർത്തിയെടുക്കുയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ​പ്രസ്താവന. ന്യൂനപക്ഷങ്ങൾക്കുള്ള ഫണ്ട് വകമാറ്റുമെന്ന പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

2022ൽ കലബുർഗി ജില്ലയിലെ ആളന്ദിൽ എഐഎംഐഎം നേതാവ് സഹീറുദ്ദീൻ അൻസാരിയുടെ നേതൃത്വത്തിൽ നടന്ന ഹിജാബ് അനുകൂല പ്രകടനത്തിനെതിരെ എടുത്ത കേസും സർക്കാർ പിൻവലിച്ചു. 2022ൽ തന്നെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ ഹിജാബ് സീനിയർ വിദ്യാർഥികൾ വലിച്ചിട്ട കേസും പിൻവലിച്ചിട്ടുണ്ട്. ദേവനാഗരി ജില്ലയിലെ ഹരിഹറിലാണ് സംഭവം. ഇത് പ്രദേശത്ത് വർഗീയ സംഘർഷത്തിന് കാരണമായിരുന്നു.

Related Tags :
Similar Posts