India
Karnataka government’s Anti-Communal Wing begins work in Mangaluru, Karnataka government’s Anti-Communal Wing, Anti-Communal Wing in Karnataka, Siddaramaiah government
India

വർഗീയക്കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ ദൗത്യസംഘം; ആന്‍റി കമ്മ്യൂണൽ വിങ്ങുമായി കർണാടക

Web Desk
|
16 Jun 2023 9:36 AM GMT

വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഉൾപ്പെടെ കഴിഞ്ഞ പത്തുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 200 കേസുകൾ സംഘം പരിശോധിക്കും

ബംഗളൂരു: വർഗീയക്കേസുകൾ കൈകാര്യം ചെയ്യാൻ ആന്റി കമ്മ്യൂണൽ വിങ്ങിന്(എ.സി.ഡബ്ല്യു) രൂപംനൽകി കർണാടക സർക്കാർ. സാമുദായിക സംഘർഷം നിലനിൽക്കുന്ന മേഖലയായ ദക്ഷിണ കന്നഡയിലാണ് പൊലീസിനു കീഴിൽ പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് എ.സി.ഡബ്ല്യു രൂപീകരിക്കാൻ നിർദേശം നൽകിയത്.

മന്ത്രിയുടെ നിർദേശപ്രകാരം രണ്ടു ദിവസം മുൻപ് എ.സി.ഡബ്ല്യുവിന് രൂപംനൽകിയിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ അറിയിച്ചു. അടുത്തിടെ മംഗളൂരുവിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ആന്റി കമ്മ്യൂണൽ വിങ് ആരംഭിക്കുമെന്ന് ജി. പരമേശ്വര പ്രഖ്യാപിച്ചത്. സിറ്റി സ്‌പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ശരീഫ് ആണ് സംഘത്തിനു നേതൃത്വം നൽകുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എ ഹെഗ്‌ഡെ വിങ്ങിന്റെ മേൽനോട്ടം വഹിക്കും. സംഘത്തിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ നേരിട്ട് പൊലീസ് കമ്മിഷണർക്ക് കൈമാറുമെന്നും കുൽദീപ് കുമാർ ജെയിൻ അറിയിച്ചു.

എ.സി.ഡബ്ല്യു ആയിരിക്കും വർഗീയമായ എല്ലാ കേസുകളും കൈകാര്യം ചെയ്യുകയെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. ഇത്തരം കേസുകളിൽ കുറ്റാരോപിതരായ ആളുകളുടെ പ്രവർത്തർത്തനം നിരീക്ഷിക്കും. കേസുകളിൽ ഇരകൾക്കു വേണ്ട സംരക്ഷണം നൽകും. നിലവിൽ കോടതിക്കു മുന്നിലുള്ള സമാനമായ കേസുകളും വിങ് പരിശോധിക്കുമെന്നും കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകൾ സംഘം പരിശോധിക്കും. വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം, മോറൽ പൊലീസിങ്, പശുക്കടത്ത് തുടങ്ങിയ കേസുകളെല്ലാം എ.സി.ഡബ്ല്യു അന്വേഷിക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകൾ എ.സി.ഡബ്ല്യുവിന് കൈമാറും. തുടർന്ന് സംഘമാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്നും മംഗളൂരു പൊലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ മുൻ ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം ഇന്നലെ കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ.ബി ഹെഡ്‌ഗെവാർ, വി.ഡി സവർക്കർ ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള സ്‌കൂൾ പാഠഭാഗങ്ങൾ നീക്കംചെയ്യാനും മന്ത്രിസഭാ തീരുമാനം വന്നിട്ടുണ്ട്.

Summary: Karnataka government’s Anti-Communal Wing begins work in Mangaluru

Similar Posts