വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം: ഉത്തരവിറക്കി കർണാടക സർക്കാർ
|സര്‍ക്കാര്‍ - എയ്ഡഡ് - സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്
ബെംഗളൂരു: കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സര്‍ക്കാര്‍ - എയ്ഡഡ് - സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖത്തിന്‍റെ പകർപ്പ് പതിക്കണമെന്നും നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യസമരം, ഭരണഘടനയ്ക്ക് പിന്നിലെ ആശയം എന്നിവ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ എപ്പോഴും ഓര്‍മിക്കണമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. അതുകൊണ്ട് ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
"രാഷ്ട്രനിർമാണത്തിന് സംഭാവന നൽകാനും എല്ലാ സമുദായങ്ങൾക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖത്തിന്‍റെ വായന യുവാക്കളെ പ്രേരിപ്പിക്കും. ഇത്രയും മഹത്തായ ഭരണഘടനയുള്ളതിനാൽ, നമ്മുടെ യുവാക്കൾ ആമുഖം നിർബന്ധമായും എല്ലാ ദിവസവും വായിക്കണം"- മന്ത്രി മഹാദേവപ്പ വിശദീകരിച്ചു.
ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കാനായാണ് ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് സിദ്ധരാമയ്യ സർക്കാർ നിർദേശിച്ചു.
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങള്‍ തിരുത്തുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സവർക്കറെയും ഹെഡ്ഗേവാറിനെയും ബി.ജെ.പി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അധ്യയന വർഷം തന്നെ ഹെഡ്ഗേവാറിനെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ഉള്‍പ്പെടെ പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Summary- The Karnataka Government on Thursday announced that it has decided to make it mandatory for schools, colleges and Universities in the state, whether government aided or private, to read daily the Preamble of the Constitution of India.