India
Karnataka govt puts on hold Teachers’ Day award to principal who ‘barred’ hijab in Udupi PU college
India

ഹിജാബ് വിലക്കിയ കുന്ദാപൂർ കോളജ് പ്രിൻസിപ്പലിന്‍റെ അധ്യാപകദിന പുരസ്‌കാരം തടഞ്ഞ് കർണാടക സർക്കാർ

Web Desk
|
5 Sep 2024 11:46 AM GMT

ഉഡുപ്പി കുന്ദാപൂരിലെ ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പൽ ബി.ജി രാമകൃഷ്ണയ്ക്കു നൽകാനിരുന്ന 'ബെസ്റ്റ് പ്രിൻസിപ്പൽ' പുരസ്‌കാരമാണ് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞത്

ബെംഗളൂരു: ഹിജാബ് വിവാദങ്ങളുടെ കേന്ദ്രമായിരുന്ന ഉഡുപ്പി കോളജിലെ പ്രിൻസിപ്പൽക്കു നൽകാനിരുന്ന അധ്യാപകദിന പുരസ്‌കാരം തടഞ്ഞ് കർണാടക സർക്കാർ. ഉഡുപ്പി കുന്ദാപൂരിലെ ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പൽ ബി.ജി രാമകൃഷ്ണയ്ക്കു നൽകാനിരുന്ന 'ബെസ്റ്റ് പ്രിൻസിപ്പൽ' പുരസ്‌കാരമാണ് വിദ്യാഭ്യാസ വകുപ്പ് തടഞ്ഞത്. വിവിധ തുറകളിൽനിന്നു ശക്തമായ പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു നടപടി.

സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ചായിരുന്നു വിദ്യാഭ്യാസ വകുപ്പ് വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സ്‌കൂൾ-കോളജ് പ്രിൻസിപ്പൽമാരും അധ്യാപകരും ഉൾപ്പെടെ 41 പേർക്കായിരുന്നു അവാർഡ്. ഇതിൽ മികച്ച പ്രിൻസിപ്പൽമാരായി രണ്ടുപേരെ തിരഞ്ഞെടുത്തിരുന്നു. രാമകൃഷ്ണയ്ക്കു പുറമെ മൈസൂരുവിലെ ഹുൻസൂർ പിയു കോളജ് പ്രിൻസിപ്പൽ എ രാമഗൗഡയ്ക്കുമായിരുന്നു പുരസ്‌കാരം.

പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിന്റെ പേരിൽ വിദ്യാർഥികളെ വെയിലത്തു നിർത്തിയ പ്രിൻസിപ്പലിന് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാനുള്ള ധാർമികാവകാശമില്ലെന്ന് എസ്ഡിപിഐ ദക്ഷിണ കന്നഡ പ്രസിഡന്റ് അൻവർ സാദത്ത് വിമർശിച്ചു. വിദ്യാർഥികളും സർക്കാർ നിലപാടിനെ വിമർശിച്ചു രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് പുരസ്‌കാരം നൽകാനുള്ള തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്.

അതേസമയം, നടപടിയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കർണാടക പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗരപ്പ പ്രതികരിച്ചു. പുരസ്‌കാരം ലഭിച്ച അധ്യാപകന്റെ വിദ്യാർഥികളോടുള്ള പെരുമാറ്റം പ്രശ്‌നകരമാണ്. ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് അവാർഡ് തൽക്കാലം തടഞ്ഞത്. വിശദമായി പരിശോധിച്ച് ഔദ്യോഗികമായ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

പുരസ്‌കാരം റദ്ദാക്കിയിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളാലാണു തടഞ്ഞുവച്ചതെന്നുമായിരുന്നു രാമകൃഷ്ണയുടെ പ്രതികരണം. പുരസ്‌കാരം തടഞ്ഞുവയ്ക്കാനുള്ള കാരണം വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ ആദരിക്കേണ്ടതായിരന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുന്ദാപൂർ പിയു കോളജിൽനിന്നായിരുന്നു രാജ്യമൊന്നാകെ വലിയ കോളിളക്കം സൃഷ്ടിച്ച ഹിജാബ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. 2022 ഫെബ്രുവരിയിലായിരുന്നു വിവാദങ്ങളുടെ തുടക്കം. ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ 30ഓളം മുസ്‌ലിം വിദ്യാർഥിനികളെ ബി.ജി രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്‌കൂൾ അധികൃതർ തടയുകയായിരുന്നു. വിദ്യാർഥികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു. ഇതിനെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കൂടുതൽ കോളജുകൾ ഇതേ നിലപാട് സ്വീകരിച്ചു. ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിൽ അന്ന് കർണാടക ഭരിച്ച ബിജെപി സർക്കാർ ഹിജാബ് വിലക്കിനെ പിന്തുണയ്ക്കുകയും ചെയ്തു.

ഇതോടെ വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, മതവസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിലെത്താൻ പാടില്ലെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു കോടതി. ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നടപ്പാക്കുകയും ചെയ്തു. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും ഗെയ്റ്റിനു പുറത്ത് തടഞ്ഞു. ശിരോവസ്തം അഴിപ്പിച്ചായിരുന്നു അകത്ത് കടത്തിയത്.

വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെ സംഘ്പരിവാർ സംഘടനകളും രംഗത്തെത്തി. ഹിജാബ് പ്രതിഷേധത്തിനെതിരെ സംഘ്പരിവാർ പ്രവർത്തകർ കാവിസ്ത്രം ധരിച്ച് കോളജുകളിലേക്ക് മാർച്ച് നടത്തി. ഒടുവിൽ വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിക്കുകയും മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി ഭിന്നവിധി പുറപ്പെടുവിക്കുകയുമായിരുന്നു. 2022 ഒക്ടോബർ 13ന് സുപ്രിംകോടതിയുടെ വിധിന്യായത്തിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചു. എന്നാൽ, മറ്റൊരു അംഗമായ ജസ്റ്റിസ് സുധാൻഷു ധുലിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Summary: Karnataka govt puts on hold Teachers’ Day award to principal who ‘barred’ hijab in Udupi PU college

Similar Posts