കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റെ ഭാര്യക്ക് ജോലി; നിയമനം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ
|യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ സമിതി അംഗമായിരുന്ന പ്രവീൺ നെട്ടാരു 2022 ജൂലൈ 26നാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കന്നഡ: കർണാടകയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യക്ക് ബി.ജെ.പി സർക്കാർ നൽകിയ താൽക്കാലിക ജോലിയുടെ നിയമന ഉത്തരവ് കോൺഗ്രസ് സർക്കാർ റദ്ദാക്കി. പ്രവീണിന്റെ ഭാര്യ നൂതൻ കുമാരിക്ക് നൽകിയ താൽക്കാലിക നിയമനമാണ് റദ്ദാക്കിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു നൂതൻ കുമാരി.
2022 സെപ്റ്റംബർ 29ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിയെ ആദ്യം നിയമിച്ചത്. ഒക്ടോബർ 13ന് ഇവരുടെ അഭ്യർഥനപ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റി. സർക്കാർ മാറുമ്പോൾ മുൻകാല താൽക്കാലിക നിയമനങ്ങൾ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.ആർ രവികുമാർ പറഞ്ഞു.
യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ സമിതി അംഗമായിരുന്ന പ്രവീൺ നെട്ടാരു 2022 ജൂലൈ 26നാണ് കൊല്ലപ്പെട്ടത്. എൻ.ഐ.എ ആണ് കേസ് അന്വേഷിക്കുന്നത്. നെട്ടാരുവിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ വലിയ സോഷ്യൽ മീഡിയ കാമ്പയിൻ നടത്തിയിരുന്നു. നെട്ടാരുവിന്റെ കുടുംബത്തിന് ബി.ജെ.പി വീടും നിർമിച്ച് നൽകിയിരുന്നു.