കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റ കച്ചവടക്കാരനു നേരെ ബജ്രംഗദള് ആക്രമണം
|ഹലാൽ മാംസത്തിനെതിരെ ഉയരുന്ന എതിർപ്പ് പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം
ശിവമോഗ: ഹലാല്‍ മാംസം വിറ്റതിന് കര്‍ണാടകയില്‍ കച്ചവടക്കാരനു നേരെ ബജ്രംഗദള് ആക്രമണം. ഭദ്രാവതിയിലാണ് മുസ്‍ലിം കച്ചവടക്കാരന്‍ ആക്രമിക്കപ്പെട്ടത്. ഹലാൽ മാംസത്തിനെതിരെ ഉയരുന്ന 'ഗുരുതരമായ എതിർപ്പ്' പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ചില ബജ്‌രംഗദള്‍ പ്രവർത്തകർ ഹൊസാമനെ പ്രദേശത്ത് ഹലാൽ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നു. അതിനിടെ ഇവര്‍ കച്ചവടക്കാരനായ തൗസിഫിനെ ഭീഷണിപ്പെടുത്തി. തൗസിഫിന്റെ ഇറച്ചിക്കടയിൽ 'നോൺ-ഹലാൽ' ഇറച്ചി വിൽക്കണമെന്ന് ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നോണ്‍ ഹലാല്‍ മാംസം ഇപ്പോള്‍ കടയില്‍ ഇല്ലെന്നും താന്‍ സംഘടിപ്പിക്കാമെന്നും കച്ചവടക്കാരന്‍ പറഞ്ഞു. പ്രകോപിതരായ ബജ്‍രംഗദള്‍ പ്രവർത്തകർ കച്ചവടക്കാരനെ മര്‍ദിക്കുകയായിരുന്നു.
അക്രമികള്‍ക്കെതിരെ കേസെടുത്തെന്ന് ശിവമോഗ പൊലീസ് സൂപ്രണ്ട് (എസ്പി) ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞതായി വാര്‍ത്താഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു- "ബജ്‍രംഗദള്‍ പ്രവർത്തകർ ആദ്യം തർക്കിച്ചു. തുടർന്ന് കച്ചവടക്കാരനെ ആക്രമിച്ചു. ഭദ്രാവതിയിലെ ഹൊസാമനെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്"- ശിവമോഗ എസ്പി പറഞ്ഞു.
ശിവമോഗ ജില്ലയില്‍ സമാന സംഭവം അടുത്ത കാലത്ത് വേറെയും ഉണ്ടായിട്ടുണ്ട്. ഭദ്രാവതിയിലെ ഹോട്ടൽ ഉടമയെ 'നോൺ-ഹലാൽ' മാംസം വിളമ്പാത്തതിന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ബജ്‌രംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹലാൽ മാംസ വിഷയം സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം-
"ഹലാൽ പ്രശ്നം തുടങ്ങിയതേയുള്ളൂ. ഞങ്ങൾ അത് പഠിക്കേണ്ടതുണ്ട്. ഇത് ഒരു സമ്പ്രദായമാണ്. ഇപ്പോൾ അതിനെക്കുറിച്ച് ഗുരുതരമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഞാൻ അത് പരിശോധിക്കും". ചില വലതുപക്ഷ സംഘടനകൾ ഹലാൽ മാംസം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, "എന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, വികസന പക്ഷമാണ്" എന്നായിരുന്നു മറുപടി.
Summary- A day after Karnataka Chief Minister Basavaraj Bommai said his government will look into "serious objection" raised against 'halal' meat, some Bajrang Dal activists allegedly attacked a Muslim vendor in Bhadravathi on Thursday, police said.