വധുവിന്റെ പ്രായം 18 വയസിൽ താഴെയാണെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാകില്ല: കർണാടക ഹൈക്കോടതി
|രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
ബെംഗളൂരു: വിവാഹസമയത്ത് വധുവിന്റെ പ്രായം 18 വയസിൽ താഴെയാണെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാകില്ലെന്ന് കർണാടക ഹൈക്കോടതി. നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം അസാധുവാക്കാൻ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
രാമനഗര ജില്ലയിലെ ചന്നപട്ടണയിലെ കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഹിന്ദു വിവാഹനിയമത്തിലെ അഞ്ചാം വകുപ്പിലെ മൂന്നാം ക്ലോസ് പ്രകാരം വിവാഹസമയത്ത് വരന് 21 വയസും വധുവിന് 18 വയസും തികയണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, വിവാഹം അസാധുവാക്കുന്ന 11-ാം വകുപ്പിലെ സെക്ഷൻ 5(1, 4, 5) ക്ലോസുകൾക്ക് വിരുദ്ധമാണെങ്കിൽ മാത്രമേ വിവാഹം അസാധുവായി പരിഗണിക്കാനാവൂ എന്ന് കോടതി നിരീക്ഷിച്ചു.
വിവാഹസമയത്ത് ഒരു കക്ഷിക്കും മറ്റൊരു ജീവിതപങ്കാളി ഉണ്ടാവരുത്, വിവാഹം കഴിക്കുന്നവർ തമ്മിൽ രക്തബന്ധമുണ്ടാകരുത് (ചില ആചാരങ്ങൾ പ്രകാരം ഇളവുണ്ട്), വിവാഹിതരാകുന്നതവർക്ക് പൊതു പൂർവികരുണ്ടാവരുത് തുടങ്ങിയവയാണ് നിയമത്തിൽ പറയുന്നത്. എന്നാൽ 18 വയസ് തികയാത്തതുകൊണ്ട് വിവാഹം റദ്ദാക്കണമെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
2012 ജൂൺ 15-ാണ് ചന്നപട്ടണ താലൂക്കിലെ ഷീലയും മഞ്ജുനാഥും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഷീലയുടെ ജനനം 1995 സെപ്റ്റംബർ ആറിനാണെന്നും വിവാഹ സമയത്ത് അവൾക്ക് 16 വയസ് മാത്രമേ ആയിട്ടുള്ളൂവെന്നും മഞ്ജുനാഥിന് മനസിലായത്. ഇതിനെ തുടർന്ന് വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുനാഥ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹസമയത്ത് ഷീലയുടെ പ്രായം 16 വയസും 11 മാസവും എട്ട് ദിവസവുമാണെന്ന് കണ്ടെത്തിയ കുടുംബ കോടതി വിവാഹം അസാധുവാക്കി. ഇത് ചോദ്യം ചെയ്ത് ഷീലയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.