India
Karnataka High Court Quashes Sedition Charges Against School Management
India

പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളുടെ നാടകം: രാജ്യദ്രോഹക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

Web Desk
|
14 Jun 2023 11:05 AM GMT

2020ലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കുട്ടികളുടെ നാടകം അരങ്ങേറിയത്

ബെംഗളൂരു: കർണാടകയിൽ കുട്ടികളുടെ നാടകത്തിന്‍റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടേതാണ് നടപടി. 2020ൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെയായിരുന്നു കുട്ടികളുടെ നാടകം.

ബിദര്‍ ജില്ലയിലെ ഷഹീൻ സ്‌കൂളിലാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരെ കുട്ടികളുടെ നാടകം അരങ്ങേറിയത്. നാടകത്തിനെതിരെ എ.ബി.വി.പി നേതാവായ നീലേഷ് രക്ഷാലയയാണ് പരാതി നല്‍കിയത്. 2020 ജനുവരി 30ന് സ്കൂളിലെ പ്രധാന അധ്യാപികയെയും ഒരു വിദ്യാര്‍ഥിനിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു. സെക്ഷന്‍ 504 (സമാധാനം തകര്‍ക്കല്‍), സെക്ഷന്‍ 505 (2) (സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍), 124 (എ) (രാജ്യദ്രോഹക്കുറ്റം) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കുട്ടികളെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തുകയാണെന്നും പൊലീസ് സ്കൂളിൽ പതിവായി സന്ദർശനം നടത്തുകയാണെന്നും സ്കൂള്‍ മാനേജ്മെന്‍റ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടതോടെയാണ് ഒന്‍പതു വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പൊലീസ് നിരന്തരം ചോദ്യംചെയ്യുന്നത് അവസാനിപ്പിച്ചത്. പൊലീസ് സ്‌കൂളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെന്നും ബാലാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

കുട്ടികളുടെ നാടകത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ വിമർശനം ഉയര്‍ന്നിരുന്നു. പ്രധാനാധ്യാപികയ്ക്കും കുട്ടിയുടെ മാതാവിനുമെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ബിദർ സെഷൻസ് കോടതി നേരത്തെ ഉത്തരവിടുകയുണ്ടായി. മാനേജ്മെന്‍റ് പ്രതിനിധി ഉള്‍പ്പെടെ നാല് പേർക്കെതിരായ രാജ്യദ്രോഹക്കുറ്റത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി വന്നത്. 2020ല്‍ തുടങ്ങിയ നിയമ പോരാട്ടത്തില്‍ സ്കൂളിന് അനുകൂലമായ വിധി വന്നിരിക്കുകയാണ്. കർണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയത്.

Similar Posts