India
കർണാടകയിൽ അധ്യാപികമാർക്ക് താത്കാലിക  ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി
India

കർണാടകയിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി

Web Desk
|
23 Feb 2022 12:52 PM GMT

ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്

കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു. അപ്പോൾ മുൻ ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കി.

അന്തിമ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഫെബ്രുവരി പത്തിന് ഉത്തരവിട്ടിരുന്നു. അന്നു മുതൽ അധ്യാപികമാരെയും ഹിജാബ് ധരിക്കാൻ അനുവദിച്ചിരുന്നില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയോട് പിന്നീട് വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥിനികൾ നൽകിയ ഹരജിയിൽ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി. വാദം ആരംഭിച്ചപ്പോൾ തന്നെ ഹിജാബിനോടുള്ള സർക്കാരിന്റെ സമീപനം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഹിജാബ് നിരോധനത്തിന് നിർദേശമില്ലെന്ന് എ.ജി വ്യക്തമാക്കി. ഓരോ സ്ഥാപനങ്ങളും നിർദേശിക്കുന്ന യൂനിഫോം പാലിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെടുക മാത്രം ചെയ്യുന്ന നിരുപദ്രവകരമായൊരു ഉത്തരവായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സര്‍ക്കാര്‍ ഉത്തരവ് തയാറാക്കിയയാള്‍ അമിതാവേശം കാണിച്ചു'

ഇതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. സർക്കാർ ഉത്തരവിൽ അക്കാര്യം സ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു എ.ജിയുടെ മറുപടി. സ്ഥാപനങ്ങൾ ഹിജാബ് അനുവദിച്ചാൽ എതിർക്കുമോ എന്നു ചോദിച്ചു കോടതി. സ്ഥാപനങ്ങൾ അനുവദിക്കുകയാണെങ്കിൽ അത്തരം വിഷയങ്ങൾ വരുമ്പോൾ കോടതി തീരുമാനമെടുക്കുമെന്ന് എ.ജി മറുപടി നൽകി. എന്നാൽ, കൃത്യമായൊരു നിലപാടെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കോളജുകൾ നിർദേശിക്കുന്ന യൂനിഫോമിൽ പറയുന്ന നിറത്തിലുള്ള അതേ ശിരോവസ്ത്രം ധരിക്കുന്നത് അനുവദിക്കാമെന്ന വാദമുണ്ടെന്നും യൂനിഫോമിന്റെ ഭാഗമായി തട്ടം ധരിച്ചാൽ അനുവദിക്കാമോ എന്നും കോടതി ചോദിച്ചു.

എന്നാൽ, സർക്കാർ കൃത്യമായി ഒന്നും നിർദേശിച്ചിട്ടില്ലെന്നായിരുന്നു എ.ജി ഇതിനോട് പ്രതികരിച്ചത്. യൂനിഫോമിന്റെ കാര്യത്തിൽ പൂർണ അധികാരം സ്ഥാപനങ്ങൾക്ക് നൽകുകയാണ് ചെയ്തിരിക്കുന്നത്. മതചിഹ്നങ്ങളാകാനിടയുള്ള വസ്ത്രവും ചെരിപ്പുമെല്ലാം അനുവദിക്കാമോ എന്നു ചോദിച്ചാൽ, മതവസ്ത്രങ്ങൾ യൂനിഫോമിന്റെ ഭാഗമായി അവതരിപ്പിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ ആമുഖവും മതേതര അന്തരീക്ഷം ശക്തിപ്പെടുത്താനാണ് ആവശ്യപ്പെടുന്നതെന്നും എ.ജി വ്യക്തമാക്കി. വിവാദ സര്‍ക്കാര്‍ ഉത്തരവില്‍ കുറച്ചുകൂടി ഭേദപ്പെട്ട രീതിയില്‍ പരാമര്‍ശം നടത്താമായിരുന്നുവെന്നും ഹിജാബ് പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും എ.ജി സമ്മതിച്ചു. ഉത്തരവ് തയാറാക്കിയയാള്‍ കുറച്ച് അമിതാവേശം കാണിച്ചു. എന്തായാലും ആ ഘട്ടം കടന്നുപോയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Karnataka High Court rules teachers should not be banned from wearing hijab in schools

Similar Posts