പോക്സോ കേസ്: ബി.എസ് യെദ്യൂരപ്പയുടെ അറസ്റ്റ് ഹൈകോടതി സ്റ്റേ ചെയ്തു
|യെദ്യൂരപ്പ മുൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഒളിച്ചോടാൻ സാധ്യതയില്ലെന്നും കോടതി
ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു. 17 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
17 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ യെദ്യൂരപ്പക്ക് സി.ഐ.ഡി നോട്ടീസ് നൽകിയിരുന്നു. അതേസമയം,ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് സി.ഐ.ഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നൽകി.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ജൂൺ 11 ന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് യെദ്യൂരപ്പ ഡൽഹിയിലേക്ക് പോയതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ വാദം.എന്നാൽ യെദ്യൂരപ്പ മുൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഒളിച്ചോടാൻ സാധ്യതയില്ലെന്നും കോടതി പറഞ്ഞു. ജൂൺ 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്ന് യെദ്യൂരപ്പ മറുപടി നൽകിയതായും കോടതി ചൂണ്ടിക്കാട്ടി.
അദ്ദേഹം മുൻ സംസ്ഥാന മുഖ്യമന്ത്രിയാണ്, ഈ കേസുകാരണം അദ്ദേഹം രാജ്യം വിടുമോ, ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് പോയിട്ട് അദ്ദേഹത്തിന് എന്ത് ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.
ജൂൺ 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ യെദ്യൂരപ്പ രേഖാമൂലം സന്നദ്ധത അറിയിച്ചതിനാൽ കൂടുതൽ നടപടിക്ക് നീങ്ങരുതെന്നും കോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സഹായം ചോദിച്ചെത്തിയപ്പോഴാണ് മകളെ പീഡിപ്പിച്ചതെന്നാണ് 17 കാരിയുടെ അമ്മയുടെ പരാതി.പെൺകുട്ടിയുടെ അമ്മ മാർച്ച് 14ന് യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ,ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.