India
Karnataka Hindutva leader arrested under Goonda Act released
India

മുസ്‌ലിം യുവാവിന്റെ കൊല: കർണാടകയിൽ ഗുണ്ടാം നിയമപ്രകാരം അറസ്റ്റ് ചെയ്ത ഹിന്ദുത്വനേതാവിനെ മോചിപ്പിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവ്

Web Desk
|
18 Sep 2023 12:49 PM GMT

പ്രതിയെ മോചിപ്പിക്കാൻ ബെം​ഗളൂരു സെൻട്രൽ ജയിൽ അധികൃതർക്കാണ് സർക്കാർ നിർദേശം നൽകിയത്.

ബെം​ഗളൂരു: മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തുകയും ക്രമസമാധാന ലംഘനം നടത്തുകയും ചെയ്ത കേസിൽ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ഹിന്ദുത്വസംഘടനാ നേതാവിനെ മോചിപ്പിക്കാൻ കർണാടക ആഭ്യന്തര വകുപ്പ് ഉത്തരവ്. സ്വയം പ്രഖ്യാപിത പശു സംരക്ഷക സംഘടനയായ 'രാഷ്ട്ര സംരക്ഷണ പാദേ' നേതാവായ പുനീത് കേരെഹള്ളിയെ മോചിപ്പിക്കാനും കേസ് റദ്ദാക്കാനുമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ- പ്രകോപന പോസ്റ്റുകൾ പങ്കുവയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ​ഗുണ്ടാ ആക്ട് പ്രകാരമായിരുന്നു രണ്ടാമത്തെ അറസ്റ്റ്. എന്നാൽ ​ഗുണ്ടാ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണമില്ലെന്നാണ് ഉത്തരവിലെ വാദം. സംസ്ഥാന ഉപദേശക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രതിയെ മോചിപ്പിക്കാൻ ബെം​ഗളൂരു സെൻട്രൽ ജയിൽ അധികൃതർക്കാണ് സർക്കാർ നിർദേശം നൽകിയത്. അടുത്ത കാലത്ത് ഇതാദ്യമായാണ് ഒരാളെ തടങ്കലിൽ വയ്ക്കണമെന്ന ആവശ്യം ഉപദേശക സമിതി തള്ളുന്നത്. ഉപദേശക സമിതി തീരുമാനത്തിനെതിരെ നീങ്ങാനുള്ള സാധ്യതയെക്കുറിച്ച് സിറ്റി പൊലീസ് ഉടൻ നിയമോപദേശം തേടുമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.

കർണാടകയിലെ ഹാസൻ ജില്ലക്കാരനായ നീത് കേരെഹള്ളി നിലവിൽ ജെപി നഗർ പ്രദേശത്താണ് താമസിക്കുന്നത്. 2013നും 2023നും ഇടയിൽ 10 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.

തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് പേരുകേട്ട പുനീത്, സത്തനൂർ ഗ്രാമത്തിലെ കന്നുകാലി കച്ചവടക്കാരനായിരുന്ന ഇദ്രീസ് പാഷയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. കേസിൽ ഏപ്രിൽ അഞ്ചിന് രാജസ്ഥാനിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് മെയ് 16ന് ജാമ്യം ലഭിച്ചു.

ജാമ്യത്തിൽ ഇറങ്ങിയിട്ടും, ഇയാൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രകോപനപരവും വിദ്വേഷം പരത്തുന്നതുമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് തുടർന്നു. ക്രമസമാധാനത്തിന് ഭീഷണിയായേക്കാവുന്ന പ്രവൃത്തി തുടർന്നതോടെ ഗുണ്ടാ ആക്ട് പ്രകാരം ആഗസ്ത് 11ന് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സിറ്റി പൊലീസ് പറഞ്ഞു.

Similar Posts