ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക; മതപരിവര്‍ത്തനം നടത്തുന്ന പുരോഹിതന്മാര്ക്കെതിരെ നടപടി
|ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്.
ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ എണ്ണമെടുക്കാനുള്ള നീക്കവുമായി കര്‍ണാടക. മിഷണറിമാരുടെ നേതൃത്വത്തില്‍ മതപരിപര്‍ത്തനം രൂക്ഷമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ കണക്കെടുക്കുന്നത്.
രജിസ്റ്റര്‍ ചെയ്യാത്തതും ന്യൂനപക്ഷ ക്ഷേമത്തിന്റെയോ ന്യൂനപക്ഷ കമ്മീഷന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പളളികളും ബൈബിള്‍ സോസൈറ്റികളുടെയും കണക്കൊണെടുക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് സര്‍വെ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ മതപരിവര്‍ത്തനം രൂക്ഷമാണെന്ന പരാതിയെ തുടര്‍ന്നാണ് പള്ളികളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ സ്വന്തം ജില്ലയായ ചിത്രദുര്‍ഖയില്‍ ഉള്‍പ്പെടെ കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്നും സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന്റെ പേരില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം കണ്ടെത്തിയാല്‍ ഇതിന് നേതൃത്വം നല്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം സമിതിക്ക് മുന്പില് വെക്കുകയും തുടര്‍ന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും. അതേസമയം, സമിതിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. സമിതിയില്‍ കൂടുതല്‍ പേര് പങ്കെടുത്തില്ല. ഇത് മുതലെടുത്താണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്തുന്നതിനെതിരെ എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തി. ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തിയാണെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.