പശുക്കടത്ത് ആരോപിച്ച് വ്യാപാരിയെ കൊന്ന ഹിന്ദുത്വവാദിയും സംഘവും മറ്റൊരാളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
|ഇതു കൂടാതെ, ശാപ്പ് നിരോധന നിയമ പ്രകാരം വസീമിനും മറ്റൊരാൾക്കും എതിരെ പൊലീസിൽ പുനീത് പരാതി നൽകുകയും ചെയ്തു.
ബെംഗളൂരു: പശുക്കടത്ത് ആരോപിച്ച് കർണാടകയിലെ രാമനഗര ജില്ലയിൽ ഇദ്രിസ് പാഷയെന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സംഘവും മറ്റൊരാളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ഗോസംരക്ഷണ സേനാ പ്രവർത്തകനും ഹിന്ദുത്വവാദിയുമായ പുനീത് കേരെഹള്ളിയും കൂട്ടരുമാണ് മറ്റൊരു കന്നുകാലി വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്.
പാഷയുടെ കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തന്നെ പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നിൽ, പുനീത് ഒരു കന്നുകാലി വ്യാപാരിയെ സ്റ്റൺ ഗൺ ഉപയോഗിച്ച് ഷോക്കേൽപ്പിക്കുന്നതായി കാണാം. പുനീതും കൂട്ടാളികളും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് കന്നുകാലികളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞുനിർത്തിയാണ് ഇതിനകത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയതും ഉപദ്രവിച്ചതും.
ട്രക്കിനുള്ളിൽ ചാക്ക് ഊഞ്ഞാലിൽ കിടക്കുന്ന വസീം എന്ന അലീമുല്ല ബേഗിനെ പുനീത് ചോദ്യം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയിലുടനീളം പുനീത് സ്റ്റൺ ഗൺ ഉപയോഗിച്ച് വസീമിനെ ആക്രമിക്കുകയും ഇയാൾ കരയുകയും ചെയ്യുന്നുണ്ട്. വസീം താൻ നിരപരാധിയാണെന്ന് വാദിക്കുകയും വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് ഈ ജോലി ഏറ്റെടുത്തതെന്ന് പറയുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
ഇതു കൂടാതെ, കർണാടക കശാപ്പ് നിരോധന നിയമം- 2020 പ്രകാരം വസീമിനും മറ്റൊരാൾക്കും എതിരെ ഇലക്ട്രോണിക് സിറ്റി പൊലീസിൽ പുനീത് പരാതി നൽകുകയും ചെയ്തു. മൈസൂരിൽ നിന്ന് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലേക്ക് കന്നുകാലികളെ കടത്തുന്നതിൽ വസീമിന് പങ്കുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ആരോപണം. പുനീത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വിഷയം ഉടൻ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 31നാണ് രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ സാത്തനൂരിൽ വച്ച് 38കാരനായ ഇദ്രീസ് പാഷയെ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വവാദികളുടെ ഒരു സംഘം മർദിച്ച് കൊന്നത്. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം. ഇദ്രീസ് പാഷയുടെ ശരീരത്തിൽ പൊള്ളലേറ്റതിന് സമാനമായ കറുത്ത പാടുകൾ ഉണ്ടെന്നും മരിക്കുന്നതിന് മുമ്പ് സ്റ്റൺ ഗണ്ണിൽ നിന്നോ ടേസറിൽ നിന്നോ വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
ഈ മേഖലയിലെ കന്നുകാലി വ്യാപാരികളെ നിരന്തരം ഭയപ്പെടുത്തുന്ന പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘമാണ് പുനീതിന്റെ നേതൃത്വത്തിലുള്ളത്. പാകിസ്താനിലേക്ക് പോ എന്നാക്രോശിച്ച് ക്രൂരമായി മർദിച്ച് ഇദ്രീസ് പാഷയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച റോഡിൽ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറംലോകം അറിഞ്ഞത്. പിന്നീട് മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
ഇതോടെ പുനീത് കേരെഹള്ളി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് നിരന്തരമായി പാഷയെ ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്ഐആറിൽ പറയുന്നു. പണം നൽകാൻ കഴിയില്ലെങ്കിൽ പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ടു. തുടർന്നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പുനീത് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കന്നുകാലി വ്യാപാരികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ചിത്രീകരിച്ച് പങ്കുവച്ചിരുന്നു. ഭരണകക്ഷിയായ ബിജെപി ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകളും പുറത്തുവന്നിരുന്നു.