പുരോഗമന എഴുത്തുകാർക്ക് വധഭീഷണിക്കത്ത്; കർണാടകയിൽ ഹിന്ദുത്വവാദി അറസ്റ്റിൽ
|'സഹിഷ്ണുതയുള്ള ഹിന്ദു' എന്ന് പറഞ്ഞായിരുന്നു ശിവാജി ഈ കത്തുകൾ എഴുതിയിരുന്നത്.
ബെംഗളൂരു: കർണാടകയിൽ പുരോഗമന കന്നഡ എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും വധഭീഷണിക്കത്ത് അയച്ച ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ അറസ്റ്റിൽ. കർണാടകയിലെ ദാവൻഗരെ ജില്ലയിലാണ് സംഭവം. ദാവൻഗരെ സിറ്റിയിലെ ഇഡബ്ല്യുഎസ് കോളനി നിവാസിയായ 41കാരൻ ശിവാജി റാവു ജാധവ് ആണ് അറസ്റ്റിലായത്.
15ലധികം എഴുത്തുകാർക്കാണ് ഇയാൾ ഭീഷണിക്കത്തയച്ചത്. സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ആണ് ശിവാജി റാവുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി പ്രതി എഴുത്തുകാർക്ക് നിരന്തരം ഭീഷണിക്കത്തുകൾ അയച്ചുവരുന്നതായി അന്വേഷണ സംഘം പറയുന്നു.
ഭീഷണി ചൂണ്ടിക്കാട്ടി ഈ എഴുത്തുകാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തുകയും കുറ്റവാളിക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെ വീരഭദ്രപ്പ, ബി.എൽ വേണു, ബഞ്ചഗെരെ ജയപ്രകാശ്, ബി.ടി ലളിതാ നായിക്, വസുന്ധര ഭൂപതി തുടങ്ങിയ എഴുത്തുകാർക്കാണ് ഇയാൾ ഭീഷണിക്കത്തയച്ചത്.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ പ്രതി 100ഓളം കത്തുകൾ താൻ അയച്ചിട്ടുള്ളതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതി ഹിന്ദു ജാഗരൺ വേദികെ എന്ന ഹിന്ദുത്വസംഘടനയുടെ കോ- കൺവീനറാണെന്നും എഴുത്തുകാരെ കൂടാതെ മൂന്ന് കർണാടക മന്ത്രിമാർക്കും ഒരു പുരോഹിതനും ഭീഷണിക്കത്തെഴുതിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
എല്ലാ കത്തുകളും എഴുതിയത് ഒരേ വ്യക്തിയാണെന്നും എന്നാൽ വിവിധ ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നും പോസ്റ്റ് ചെയ്തതാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ കണ്ടെത്തി. കത്തുകളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, എഴുത്തുകാർക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു.
ഹിന്ദുത്വത്തിനെതിരായ ഈ എഴുത്തുകാരുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് കത്തുകളിൽ മുന്നറിയിപ്പ് നൽകിയ പ്രതി അവരുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. 'സഹിഷ്ണുതയുള്ള ഹിന്ദു' എന്ന് പറഞ്ഞായിരുന്നു ശിവാജി ഈ കത്തുകൾ എഴുതിയിരുന്നത്.
പൊലീസ് പെട്ടെന്ന് പിടിക്കാതിരിക്കാൻ വിവിധ ജില്ലകളിൽ പോയി ഭീഷണിക്കത്തുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു പ്രതിയുടെ രീതി. ഇതിനായി ശിവമോഗ, ചിത്രദുർഗ, ഹാവേരി തുടങ്ങിയ ജില്ലകളിലേക്ക് പോയിരുന്നതായും പൊലീസ് പറയുന്നു. പുരോഗമന എഴുത്തുകാർക്കും ചിന്തകർക്കും അവരുടെ ഹിന്ദു വിരുദ്ധ നിലപാട് മൂലമാണ് താൻ ഭീഷണിക്കത്തയച്ചതെന്നാണ് ഇയാളുടെ വാദം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും ആക്ടിവിസ്റ്റും എഴുത്തുകാരനായ പ്രൊഫ. കൽബുർഗിയുടേയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭീഷണിക്കത്തിനെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.