India
Karnataka man ties leopard to bike with rope, rides to forest department
India

പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി വനംവകുപ്പ് ഓഫീസിലെത്തിച്ച് യുവാവ്

Web Desk
|
15 July 2023 5:02 AM GMT

കർണാടകയിലെ ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.

ബംഗളൂരു: ഒമ്പത് മാസം പ്രായമുള്ള പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി യുവാവ് വനംവകുപ്പ് ഓഫീസിലെത്തിച്ചു. ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.

ഫാമിൽവെച്ച് പുലി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിയെ പിടിച്ചു കെട്ടിയതെന്ന് മുത്തു പറഞ്ഞു. പുലിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയാണ് മുത്തു വനംവകുപ്പിനെ ഏൽപ്പിച്ചത്. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ മുത്തുവിന്റെ കൈക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

സ്വയംരക്ഷക്ക് വേണ്ടിയാണ് മുത്തു പുലിയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വേണ്ടത്ര ധാരണയില്ലാത്തതിനാൽ അദ്ദേഹം പുലിയെ കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ട്. പക്ഷേ അദ്ദേഹത്തിന് തെറ്റായ ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുലി ക്ഷീണിതനാണെന്നും എന്നാൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വനവകുപ്പ് അറിയിച്ചു. ഇതുപോലുള്ള സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് മുത്തുവിന് കൗൺസിലിങ് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Similar Posts