തിളയ്ക്കുന്ന സാമ്പാറിൽ വീണ് സ്കൂൾ പാചകക്കാരി മരിച്ചു
|പൊള്ളലേറ്റ ആഗ്നസ് പ്രമീളയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മംഗളൂരു: തിളയ്ക്കുന്ന സാമ്പാറിൽ വീണ് സ്കൂൾ പാചകക്കാരി മരിച്ചു. കർണാടകയിലെ സെന്റ് വിക്ടർ സ്കൂളിലെ പാചകക്കാരിയായ ആഗ്നസ് പ്രമീള ഡിസൂസയാണ് മരിച്ചത്. 37 വയസായിരുന്നു. പൊള്ളലേറ്റ ആഗ്നസ് പ്രമീളയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, ആഗ്നസ് സാമ്പാറിൽ വീണല്ല മരിച്ചതല്ലെന്നും അമിതമായ മദ്യപാനത്തെ തുടർന്നാണ് മരിച്ചതെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. മെയ് 30നാണ് അപകടമുണ്ടായതെന്ന് ആഗ്നസിന്റെ സഹോദരൻ പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. തിളയ്ക്കുന്ന സാമ്പാറിൽ വീണതിനാൽ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ജൂൺ 12ന് സഹോദരി മരണത്തിന് കീഴടങ്ങിയതായി സഹോദരൻ പരാതിയിൽ പറയുന്നു.
എന്നാൽ, സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. സംഭവദിവസം രാവിലെ 11ന് ആഗ്നസ് സ്കൂളിൽ വന്നിരുന്നു. മദ്യലഹരിയിൽ ആയതിനാൽ പാചകപ്പുരയിലേക്ക് പോകാൻ ഞങ്ങൾ അനുവദിച്ചില്ല. പിന്നീട് അരപ്പ് തേടി അടുക്കളയിലേക്ക് പോയിരുന്നു. ഒപ്പം മറ്റ് ജോലിക്കാരും ഉണ്ടായിരുന്നു. അഗ്നസ് അടുക്കളയിലേക്ക് പോകുമ്പോൾ വിദ്യാർഥികൾക്ക് വിളമ്പാൻ പാകമായ സാമ്പാർ പാത്രത്തിൽ കാലുകൾ തട്ടി ചെറിയ രീതിയിൽ പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച ആഗ്നസിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
ശരീരത്തിൽ 18% പൊള്ളൽ മാത്രമേയുള്ളൂവെന്നും ഒരാഴ്ചയ്ക്കുള്ളിൽ അവൾ സുഖം പ്രാപിക്കുമെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ആഗ്നസ് മരുന്നുകൾക്കൊപ്പം മദ്യവും കഴിച്ചതോടെയാണ് പൊള്ളലുകൾ ഭേദമാകാതെ അവൾ മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. ആഗ്നസിനെ മദ്യാസക്തിയിൽ നിന്ന് രക്ഷപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജൂൺ മാസം മുതൽ അവളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.