India
Karnataka minister respones on hijab ban lift
India

ഹിജാബ് വിലക്ക് നീക്കുമോ?; കർണാടക മന്ത്രിയുടെ മറുപടി ഇങ്ങനെ

Web Desk
|
25 Dec 2023 2:43 AM GMT

കഴിഞ്ഞ ബി.ജെ.പി സർക്കാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയത്.

ബെംഗളൂരു: ഹിജാബ് വിലക്ക് നീക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഹിജാബ് സംബന്ധിച്ച് സർക്കാർ ഇതുവരെ ഉത്തരവൊന്നും ഇറക്കിയിട്ടില്ല. പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയം വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജി. പരമേശ്വര പറഞ്ഞു.

ഹിജാബ് വിലക്ക് നീക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിൽ സർക്കാരിനെതിരെ ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. ഹിജാബ് വിലക്ക് നീക്കാൻ ഇതുവരെ കോൺഗ്രസ് സർക്കാർ തയ്യാറായിട്ടില്ല. അവർ അതിനെക്കുറിച്ച് പഠിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അധികാരം കിട്ടുന്നതിന് മുമ്പും ശേഷവും കോൺഗ്രസ് പെരുമാറുന്നത് എങ്ങനെയാണെന്ന് ജനങ്ങൾ കാണുന്നുണ്ടെന്നും രാമറാവു പറഞ്ഞു.

ഹിജാബ് വിലക്ക് നീക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കഴിഞ്ഞ ബി.ജെ.പി സർക്കാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.

ഹിജാബ് വിഷയം അനാവശ്യമായി ഉയർത്തിക്കൊണ്ടുവന്ന് ഭരണപരാജയം മറയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. കർണാടകയിൽ ഹിജാബിന് വിലക്കില്ല. ഡ്രസ് കോഡ് നിലവിലുള്ള സ്ഥലങ്ങളിൽ അത് ധരിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാത്ത സ്ഥലങ്ങളിലൊന്നും മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും ബൊമ്മൈ പറഞ്ഞു.

Similar Posts