കർണാടകയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിഗണനയിലെന്ന് ബൊമ്മൈ
|ഏക സിവിൽ കോഡ് ഏറെക്കാലമായി ദേശീയ തലത്തിൽ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണെന്നും സംസ്ഥാന സർക്കാർ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണെന്നും ബൊമ്മൈ പറഞ്ഞു.
ബംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശനിയാഴ്ച ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഏക സിവിൽ കോഡ് ഏറെക്കാലമായി ദേശീയ തലത്തിൽ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണ്. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങൾ ഇതിനകം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച് പഠിക്കുകയും വിവിധ വശങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും''- ബൊമ്മൈ പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വെള്ളിയാഴ്ച ശിവമൊഗ്ഗയിൽ പാർട്ടി പരിപാടികളിൽ സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം സമത്വത്തെ കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നുണ്ടെന്നും സമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാകട സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മതപരിവർത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്ന് സുപ്രിംകോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും ബൊമ്മൈ പറഞ്ഞു.