രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സന്യാസിയുടെ അനുഗ്രഹം; ഉടനെ തിരുത്തി
|കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠം രാഹുല്‍ സന്ദര്‍ശിച്ചത്
ബംഗളൂരു: ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കർണാടകയിൽ കോൺഗ്രസ് ഉന്നത തല യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ കോൺഗ്രസ് നേതാക്കളോടൊപ്പം ലിംഗായത്ത് സമുദായത്തിന്റെ മഠത്തിൽ സന്ദർശിക്കാനെത്തിയത്.
'നിങ്ങൾ പ്രധാനമന്ത്രിയാകും' എന്ന് രാഹുലിനെ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി അനുഗ്രഹിച്ചു. എന്നാല്‍ ഉടനെ തൊട്ടടുത്തുണ്ടായിരുന്ന മഠത്തിന്റെ പ്രസിഡന്റ് ശിവമൂർത്തി മുരുക ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹപ്രസംഗം നിർത്തിവെപ്പിച്ചു. ആര് മഠം സന്ദർശിച്ചാലും അവരെ അനുഗ്രഹിക്കുന്നത് ഇവിടെ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സന്ന്യാസി അനുഗ്രഹ പ്രസംഗം നിര്‍ത്തിവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകൾ പരമ്പരാഗതമായി ബിജെപി വോട്ടർമാരാണ്. ലിംഗായത്ത് സമുദായത്തിൽപ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്. പിന്നീട് യെദ്യൂരപ്പയെ മാറ്റിയപ്പോഴും അതേ സമുദായത്തിൽ നിന്നും ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി ശ്രദ്ധിച്ചു. ലിംഗായത്തുകളുടെ ഇടയിൽ ഇഷ്ടം നേടുക എന്നതും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ലക്ഷ്യമായാണ് വിലയിരുത്തൽ.
അടുത്ത വർഷം മേയിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്. 2013 മുതൽ 2018 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസ് അടുത്ത തെരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി ചേർന്ന് സർക്കാറുണ്ടാക്കി. പല എം.എൽ.എമാരും പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമാകുകയും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടു വർഷം കൊണ്ട് രാജിവെക്കുകയും ചെയ്തു. പിന്നാലെയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്.