കരാറുകാരന്‍റെ മരണം: കർണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവെച്ചു
|വാഹന അകമ്പടികളോടെ ശക്തി പ്രകടനം നടത്തിയാണ് രാജിക്കത്ത് കൈമാറാൻ ഈശ്വരപ്പ ബെംഗളൂരുവിൽ എത്തിയത്
ബെംഗളൂരു: കരാറുകാരന്‍റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കർണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. വാഹന അകമ്പടികളോടെ ശക്തി പ്രകടനം നടത്തിയാണ് രാജിക്കത്ത് കൈമാറാൻ ഈശ്വരപ്പ ബെംഗളൂരുവിൽ എത്തിയത്. അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവർത്തകർക്ക് വാക്ക് നൽകിയാണ് ഈശ്വരപ്പ ശിവമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. അകമ്പടിയായി നിരവധി പ്രവർത്തകരും വാഹനങ്ങളിൽ ഈശ്വരപ്പയെ പിന്തുടർന്നു. തുടർന്ന് മുഖ്യമന്ത്രി ബസവരാജ ബോമ്മെയുമായി രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് രാജിവെച്ചത്.
മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും കർണാടക രാഷ്ട്രീയത്തിൽ തന്‍റെ ശക്തി ചോർന്നിട്ടില്ല എന്ന് തെളിയിക്കുക കൂടിയായിരുന്നു ബിജെപി നേതാവ് ഈശ്വരപ്പ. രാജി വെക്കില്ല എന്ന് അവസാന നിമിഷം വരെ ആവർത്തിച്ച ഈശ്വരപ്പയ്ക്ക് ദേശീയ നേതൃത്വത്തിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായാണ് തീരുമാനം മാറ്റേണ്ടി വന്നത്. രാജി വെച്ച മന്ത്രി ഈശ്വരപ്പയെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്‍റെ ജോലി ആണെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മെയുടെ വാദം. അന്വേഷണ സംഘത്തിന്‍റെ ചുമതല കോൺഗ്രസിനെ ആരും എൽപ്പിച്ചിട്ടില്ല എന്നും കോൺഗ്രസ് വിധി കർത്താക്കൾ ആകേണ്ടതില്ലെന്നും ബോമ്മെ പറഞ്ഞു.
എന്നാൽ മന്ത്രിയുടെ രാജി എന്ന ആവശ്യം സാധ്യമായെങ്കിലും സമരത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന നിലപാട് ആണ് കോൺഗ്രസിന് ഉള്ളത്. 40% കൈക്കൂലി ആവശ്യപ്പെട്ട ഈശ്വരപ്പയെ എന്ത് കൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ആത്മഹത്യ പ്രേരണ ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഉഡുപ്പി പൊലീസ് ഈശ്വരപ്പയ്ക്ക് എതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ശരിയായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാൻ ആണ് കോൺഗ്രസിന്‍റെ നീക്കം.
Karnataka BJP minister K S Eshwarappa resigns over contractor's death