ക്ലാസിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന് ചൂടുവെള്ളമൊഴിച്ചു
|പരാതി നൽകരുതെന്ന് കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം
റായ്ച്ചൂർ: ക്ലാസിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസുകാരന് നേരെ അധ്യാപകൻ ചൂടുവെള്ളം ഒഴിച്ചാതായി ആരോപണം.കർണാടകയിലെ മാസ്കി താലൂക്കിലെ സന്തേക്കല്ലൂർ ഗ്രാമത്തിലെ ഘനമതേശ്വർ മഠം സ്കൂളിലാണ് സംഭവം. 40 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയലാണ്.
സംഭവം വിവാദമായതോടെ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി രക്ഷിതാക്കളിൽ നിന്ന് മിട്ടികെല്ലൂർ വില്ലേജിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ബാത്ത്റൂമിൽ കയറിയപ്പോൾ സോളാർ വാട്ടർ ഹീറ്ററിൽ നിന്നുള്ള ചൂടുവെള്ളം അബദ്ധത്തിൽ കുട്ടിക്ക് മേൽ പതിച്ചതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് വെങ്കിടേഷ് പറയുന്നത്. അതേസമയം, സ്കൂൾ അധികൃതർ കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. പരാതി നൽകിയില്ലെങ്കിലും
അന്വേഷണം നടത്താൻ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടന്നത് സെപ്തംബർ രണ്ടിനാണെങ്കിലും ഇന്നലെയാണ് സംഭവം പുറത്തറിയുന്നത്.ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിക്കുമെന്നും മാസ്കി സബ് ഇൻസ്പെക്ടർ സിദ്ധാറാം ബിദറാണി പറഞ്ഞു.
ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം കർണാടകയിലെ തുംകൂർ ജില്ലയിൽ നടന്നിരുന്നു. പാന്റിനുള്ളിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്റെ സ്വകാര്യഭാഗങ്ങളിൽ അങ്കണവാടി അധ്യാപിക മർദിച്ചിരുന്നു. സംഭവത്തിൽ അധ്യാപികയെ അറസ്റ്റു ചെയ്തിട്ടുണ്ട്.