India
boiled egg
India

കര്‍ണാടകയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം മുട്ട

Web Desk
|
20 July 2024 5:07 AM GMT

അരി, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, റാഗി മാൾട്ട് എന്നിവയ്‌ക്കൊപ്പം മുട്ടയും മെനുവിൽ ഉണ്ടാകും

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ആഴ്ചയില്‍ ആറ് ദിവസം പുഴുങ്ങിയ മുട്ട ലഭിക്കും. നേരത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു മുട്ട നല്‍കിയിരുന്നത്. അരി, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, റാഗി മാൾട്ട് എന്നിവയ്‌ക്കൊപ്പം മുട്ടയും മെനുവിൽ ഉണ്ടാകും.

അസിം പ്രേംജി ഫൗണ്ടഷേന്‍ മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്ന 1500 കോടി രൂപയുടെ ഗ്രാന്‍റില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് സ്കൂള്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മുൻ വിപ്രോ ചെയർമാന്‍റെയും അസിം പ്രേംജിയുടെയും സാന്നിധ്യത്തിൽ അസിം പ്രേംജി ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടമെന്നാണ് ബംഗാരപ്പ ഇതിനെ വിശേഷിപ്പിച്ചത്. '' ഞാൻ ചുമതലയേറ്റപ്പോൾ, എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു മുട്ട മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് അത് പത്താം ക്ലാസ് വരെ നീട്ടി ആഴ്ചയിൽ രണ്ട് മുട്ടകളായി വർധിപ്പിച്ചു. ഇപ്പോള്‍ അത് ആറ് മുട്ടകളാക്കി. അനുകൂല പ്രതികരണമുണ്ടായാല്‍ ഇത് തുടരുമെന്നും'' അദ്ദേഹം പറഞ്ഞു. പോഷകാഹാരത്തിൽ സമാന്തരമായി ശ്രദ്ധ കേന്ദ്രീകരിച്ച് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പദ്ധതി സർക്കാർ വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ ദിനംപ്രതി 5.5 ദശലക്ഷം കുട്ടികള്‍ക്ക് റാഗി മാള്‍ട്ട് നല്‍കുന്നുണ്ടെന്നും ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ബംഗാരപ്പ വ്യക്തമാക്കി.

Related Tags :
Similar Posts