കലക്ടർ ഇടപെട്ടു; ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ ശിരോവസ്ത്രം അനുവദിച്ചു
|കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ കയറാനാകില്ലെന്ന് പ്രിൻസിപ്പൽ രുദ്ര ഗൗഡ അറിയിക്കുകയായിരുന്നു
കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് ധരിച്ചെത്തിയവരെ പുറത്തിരുത്തിയ കർണാടക ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പ്രവേശിക്കാൻ വിദ്യാർഥിനികൾക്ക് അനുവാദം. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ പരാതിയെ തുടർന്ന് ജില്ലാ കലക്ടറാണ് പ്രശ്നം പരിഹരിച്ചത്. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാർഥിനികളെ കോളേജ് കവാടത്തിൽ വച്ച് അധികൃതർ തടഞ്ഞിരുന്നു. ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ കയറാനാകില്ലെന്ന് പ്രിൻസിപ്പൽ രുദ്ര ഗൗഡ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളെത്തി ചർച്ച നടത്തിയിട്ടും അധികൃതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. മുസ്ലിം സമുദായത്തിൽ നിന്നുള്ള 60 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരവോസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വാദം. നാല് ദിവസമായി ക്ലാസിൽ പ്രവേശിക്കാനാകാത്ത വിദ്യാർഥിനികൾ കോളേജിന് പുറത്ത് പ്രതിഷേധിച്ചു.
കോളജ് അധികൃതർ തീരുമാനം പിൻവലിക്കാതിരുന്നതോടെയാണ് ജിഐഒ പ്രതിനിധികൾ പരാതിയുമായി ഉഡുപ്പി ജില്ലാ കലക്ടർ കുർമ റാവുവിനെ സമീപിച്ചു. ഇതോടെ ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കാൻ വിദ്യാർഥിനികൾക്ക് അവകാശമുണ്ടെന്നും അവരെ തടയരുതെന്നും കലക്ടർ പറഞ്ഞു. അറബിയിലും ഉറുദ്ദുവിലും കോളേജിനകത്ത് സംസാരിക്കരുതെന്നും പ്രിൻസിപ്പൽ ഉത്തരവിട്ടിരുന്നു. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളിൽ മാത്രമേ കോളേജിൽ സംസാരിക്കാൻ പാടുള്ളൂ എന്നാണ് ഉത്തരവ്. നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണെമെന്ന ആവശ്യം ശക്തമാണ്.
Karnataka Udupi Government Women's College students allowed to wear headscarves