കർണാടകയിൽ കൂടുതൽ ഇളവുകൾ; ജൂലൈ 26മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും
|50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകും
കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് തീരുമാനം. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമായത്.
കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകും. രാത്രികാല കർഫ്യൂവിലും ഇളവ് അനുവദിക്കും. നിലവിൽ രാത്രി ഒമ്പതുമണി മുതൽ രാവിലെ അഞ്ചുവരെയാണ് രാത്രി കർഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതൽ പുതിയ ഇളവുകൾ നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പുകൾ വിദഗ്ധർ നൽകിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.