ഭിന്നശേഷിക്കാരെ പരിഹസിച്ച് ഇൻസ്റ്റഗ്രാം റീൽ; യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റിൽ
|കര്‍ണാടക ബധിര-മൂക അസോസിയേഷന് അധ്യക്ഷന്‍ കെ.എച്ച്.ശങ്കറാണ് പൊലീസില്‍ പരാതി നല്‍കിയത്
ബംഗളൂരു: ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് പോസ്റ്റ് ചെയ്ത യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റില്‍.
കര്‍ണാടക മടിക്കേരി സ്വദേശിയും ഉള്ളാള്‍ ഉപനഗരയില്‍ താമസക്കാരനുമായ രോഹന് കാരിയപ്പ(29), ബംഗാള്‍ സ്വദേശിയും ബെംഗളൂരു എച്ച്.എ.എല്‍. മേഖലയില്‍ താമസക്കാരനുമായ ഷായാന്‍ ഭട്ടാചാര്യ(32) എന്നിവരെയാണ് കര്‍ണാടക സൈബര്‍ ക്രൈംവിഭാഗം അറസ്റ്റ് ചെയ്തത്.
കര്‍ണാടക ബധിര-മൂക അസോസിയേഷന് അധ്യക്ഷന്‍ കെ.എച്ച്.ശങ്കറാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മടിക്കേരി സ്വദേശിയായ കാരിയപ്പ നേരത്തെ റേഡിയോ ജോക്കിയായും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ യൂട്യൂബറാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഭട്ടാചാര്യയാണ് റേഡിയോ ജോക്കി.
ജൂണ്‍ 20ന് രോഹന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിവാദ റീല്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് സംഘടന പരാതി നല്‍കിയത്.
ഇതു സംബന്ധിച്ച പരാതിയുമായി ഡല്‍ഹിയിലെ സംഘടന, അവിടുത്തെ പൊലീസിനെ സമീപിച്ചെങ്കിലും റീൽ ഉണ്ടാക്കി അപ്ലോഡ് ചെയ്തത് ബെംഗളൂരുവില്‍ നിന്നായതിനാല്‍ ബംഗളൂരു പൊലീസിനെ സമീപിക്കാനാവശ്യപ്പെടുകയായിരുന്നു.