17 കുളങ്ങൾ നിർമിച്ചു, നട്ടത് 2000ത്തിലേറെ മരങ്ങൾ; കർണാടകയുടെ 'കുളം മനുഷ്യന്' വിട
|2018ൽ കർണാടക രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചിരുന്നു
ബെംഗളൂരു: കർണാടകയിലെ 'കുളം മനുഷ്യൻ' ഇനി ഓർമ. കുളങ്ങൾ നിർമിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ കൽമനെ കാമഗൗഡ അന്തരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി താലൂക്കിന്റെ മുഖച്ഛായ തന്നെ മാറ്റിയ വ്യക്തിയായിരുന്നു കൽമനെ കാമഗൗഡ.
ഗ്രാമത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ കണ്ട കാമഗൗഡ അവിടെ കുളങ്ങൾ നിർമിക്കാൻ തുടങ്ങി. 17ലധികം കുളങ്ങളാണ് ഇദ്ദേഹം നിർമിച്ചത്. ഒപ്പം രണ്ടായിരത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു. കാമഗൗഡയുടെ കഠിനാധ്വാനം മനുഷ്യർക്ക് മാത്രമല്ല മലവല്ലി മേഖലയിലെ നിരവധി മൃഗങ്ങൾക്കും പക്ഷികൾക്കും പ്രയോജനപ്പെട്ടു. തരിശായി കിടന്ന ഒരു പ്രദേശം മുഴുവൻ പച്ചപ്പ് കൊണ്ട് നിറക്കുകയായിരുന്നു ഇദ്ദേഹം.
പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും ജലസംരക്ഷണത്തിനായുള്ള ശ്രമങ്ങൾക്കും പ്രധാനമന്ത്രിയുടെ പ്രശംസയും അദ്ദേഹത്തെ തേടിയെത്തി. 2020ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ 'മൻ കി ബാത്തി'ലൂടെയാണ് കാമഗൗഡയെ അഭിനന്ദിച്ചത്.
കർണാടകക്കാർക്ക് കൽമനെ കാമഗൗഡ എന്ന പേരിനേക്കാൾ 'കുളം മനുഷ്യൻ' (pond man) എന്ന പേരാകും പരിചയം കൂടുതൽ. 2018ൽ കർണാടക രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) അദ്ദേഹത്തിന് ആജീവനാന്ത സൗജന്യ പാസ് നൽകുകയും ചെയ്തു.
കാമഗൗഡയുടെ വിയോഗത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചിച്ചു. കമഗൗഡയുടെ വിയോഗവാർത്ത വളരെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരും കാമഗൗഡയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.