വിസ കൈക്കൂലി കേസ്;കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
|പാർലമെന്റ് രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു എന്ന ഗുരുതരമായ ആരോപണവും കാർത്തി ചിദംബരം ഉന്നയിച്ചിരുന്നു
ഡൽഹി: വിസ കൈക്കൂലി കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ പ്രത്യേക കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് കാർത്തി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിസ കൈക്കൂലി കേസിൽ ഇ ഡി അന്വേഷണം തുടരുകയാണ്.
ജൂൺ മൂന്നിന് കാർത്തി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. എന്നാൽ അറസ്റ്റിൽ നിന്നും കോടതി അനുവദിച്ച ഇടക്കാല സംരക്ഷണം കാരണം സിബിഐക്ക് കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയാൽ എംപിയെ അറസ്റ്റ് ചെയ്യാനാകും സിബിഐയുടെ നീക്കം.
എന്നാൽ വിസ കൈക്കൂലി കേസിലെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. പാർലമെന്റ് രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു എന്ന ഗുരുതരമായ ആരോപണവും കാർത്തി ചിദംബരം ഉന്നയിച്ചിരുന്നു. വിസ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കൈക്കൂലിയായി ലഭിച്ച കള്ളപ്പണം കാർത്തി ചിദംബരം ഉൾപ്പടെയുള്ള പ്രതികൾ വെളുപ്പിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ.