ഗ്യാൻവാപി, മഥുര തർക്കം കോടതിക്ക് പുറത്ത് സമവായത്തിലൂടെ പരിഹരിക്കണം-അജ്മീർ ദർഗ മേധാവി
|പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ ഒരു നിലയ്ക്കും ബാധിക്കില്ലെന്ന് സയ്യിദ് സൈനുൽ ആബിദീൻ
ജയ്പ്പൂർ: കാശി, മഥുര തര്‍ക്കങ്ങളില്‍ രാഷ്ട്രീയ പാർട്ടികൾ കോടതിക്കു പുറത്ത് സമവായമുണ്ടാക്കി പരിഹാരം കാണണമെന്ന് അജ്മീർ ദർഗ മേധാവി. പൗരത്വ ഭേദഗതിക്ക് മുസ്‍ലിംകളുമായി ഒരു ബന്ധവുമില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ദർഗയുടെ മേല്‍നോട്ടം വഹിക്കുന്ന സയ്യിദ് സൈനുൽ ആബിദീൻ പറഞ്ഞു.
ആൾ ഇന്ത്യ സൂഫി സജ്ജാദനഷീൻ കൗൺസിൽ(എ.ഐ.എസ്.എസ്.സി) രാജസ്ഥാൻ ഘടകം അജ്മീറിൽ സംഘടിപ്പിച്ച 'പൈഗാമെ മൊഹബ്ബത്: ഹം സബ് ക ഭാരത്' എന്ന പേരിലുള്ള സമ്മേളനത്തിലായിരുന്നു സൈനുൽ ആബിദീന്റെ പരാമർശങ്ങൾ. വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി മസ്ജിദ് എന്നിവയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണമെന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോടതിക്കു പുറത്തുവച്ച് തന്നെ ഇക്കാര്യത്തിൽ സമവായമുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വസുദൈവ കുടുംബകത്തിന്റെ നാഗരികത പിന്തുടർന്ന് ലോകമെങ്ങും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യ മികച്ച പങ്കുവഹിക്കുന്നുണ്ടെന്നും സയ്യിദ് സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു.
''ലോകസമാധാനത്തിന്റെ കാര്യത്തിൽ സ്വന്തമായൊരു ദൗത്യം നിർവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് നമ്മുടെ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങൾ കോടതിക്കു പുറത്ത് സമാധാനപരമായി പരിഹരിക്കാനാകണം. ഇതിനായി ശക്തമായൊരു നീക്കമുണ്ടാകണം.''
സി.എ.എയുടെ കാര്യത്തിൽ മുസ്‍ലിം സമുദായം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമത്തിലെ വകുപ്പുകൾ വിശദമായി വിലയിരുത്തിയപ്പോൾ അതിനു മുസ്‍ലിംകളുമായി ഒരു ബന്ധവുമില്ലെന്നാണു വ്യക്തമായത്. ഈ നിയമം അവരെ ബാധിക്കില്ല. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ അടിച്ചമർത്തൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ളതാണത്. അത് ആരുടെയും ഇന്ത്യൻ പൗരത്വം കവർന്നെടുക്കില്ലെന്നും സയ്യിദ് സൈനുൽ ആബിദീൻ കൂട്ടിച്ചേർത്തു.
Summary: ''Political parties should find solutions to Kashi, Mathura outside courts'': Asks Ajmer Dargah chief Syed Zainul Abedin