ഇഗ്ലു കഫേയിലേക്ക് പോകാം; ഐസ് ബെഞ്ചിലിരുന്ന് ചൂടുചായ കുടിക്കാം
|ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലു കഫേയാണ് ഇതെന്നാണ് ഉടമസ്ഥർ അവകാശപ്പെടുന്നത്
മേശയും കസേരയും എന്തിന് മേൽക്കൂര പോലും ഐസ് കൊണ്ടുണ്ടാക്കിയത്. അവിടെയിരുന്ന് ചൂടു ചായ കുടിക്കാൻ തോന്നുന്നുണ്ടോ.എങ്കിൽ ജമ്മുകാശ്മീരിലെ ഗുൽമാർഗിലേക്ക് പോകാം. എസ്‌കിമോസ് ഉപയോഗിക്കുന്ന ഇഗ്ലു, അല്ലെങ്കിൽ സ്‌നോഹൗസ് മാതൃകയിലാണ് ഗുൽമാർഗിൽ ഇഗ്ലുകഫേ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലു കഫേ യാണ് ഇതെന്നാണ് കഫേ ഉടമസ്ഥർ അവകാശപ്പെടുന്നത്. 37.5 അടി ഉയരവും 44.5 അടി വ്യാസത്തിലുമാണ് കഫേ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കഫേയുടെ ഉടമസ്ഥൻ സയ്യിദ് വസീം ഷാ സഞ്ചാരിയാണ്. കുറച്ച് വർഷം മുമ്പ് സ്വിറ്റ്സർലൻഡിൽ പോയപ്പോഴാണ് ഇത്തരത്തിലൊരു കഫേ ഞാൻ ആദ്യമായി കാണുന്നത്. അവിടെ സഞ്ചാരികൾക്ക് ഉറങ്ങാനുള്ള സൗകര്യമുള്ള ഇഗ്ലു ഹോട്ടലുകളുമുണ്ട്. ഗുൽമാർഗിൽ നന്നായി മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലമാണ്. നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. എന്തുകൊണ്ടു ഇവിടെ ഇത്തരമൊരു ആശയം നടപ്പാക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇഗ്ലു കഫേ നിർമിച്ചതെന്ന് സയ്യിദ് വസീം ഷാ പറഞ്ഞു.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം ഏറ്റവും വലിയ ഇഗ്ലൂ കഫേ സ്വിറ്റ്‌സർലൻഡിലാണെന്നും അതിന്റെ ഉയരം 33.8 അടിയും വ്യാസം 42.4 അടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഞാനുണ്ടാക്കിയത് അതിനേക്കാൾ വലുതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഫേയിൽ 10 ടേബിളുകൾ ഉണ്ട്. ഒരേ സമയം 40 പേർക്ക് ഭക്ഷണം കഴിക്കാം. ആടിന്റെ തൊലിയാണ് ഇരിപ്പിടത്തിലും മേശയിലുമെല്ലാം കവറായി ഉപയോഗിച്ചിരിക്കുന്നത്. ഈ കഫേയിൽ രണ്ട് വിഭാഗങ്ങളുണ്ട് . ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ചുമർ കൊത്തുപണികൾക്കുമായുള്ള ആർട്ട് സ്‌പേസിനുമായുമാണ്. 25 പേർ ചേർന്ന് രാവും പകലും 64 ദിവസം പണിയെടുത്താണ് കഫേ പൂർത്തിയാക്കിയതെന്നും ഉടമസ്ഥൻ പറഞ്ഞു.
അഞ്ചടി കനമുള്ള കഫേ മാർച്ച് 15 വരെ പൊതുജനങ്ങൾക്കായി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉടമസ്ഥൻ പറഞ്ഞു. ഏതായാലും ഇഫ്‌ളു കഫേ സഞ്ചാരികളുടെ മനം കവർന്നിരിക്കുകയാണ്.