കശ്മീരി മുസ്‌ലിംകൾ പണ്ഡിറ്റുകളായിരുന്നു; ഇന്ത്യയിൽ എല്ലാവരുടെയും വേരുകൾ ഹിന്ദുമതത്തിൽ-ഗുലാം നബി ആസാദ്
|''1,500 വർഷംമുൻപ് ഉണ്ടായതാണ് ഇസ്‌ലാം. അതിലും അതിപുരാതനമാണ് ഹിന്ദുമതം. പത്തോ ഇരുപതോ മുസ്‌ലിംകളെ മാത്രമാണ് മുഗൾ സൈന്യം ഇങ്ങോട്ടുകൊണ്ടുവന്നത്.''
ശ്രീനഗർ: കശ്മീരിലെ മുസ്‌ലിംകളെല്ലാം പണ്ഡിറ്റുകളായിരുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിൽ ആരും പുറത്തുനിന്നു വന്നവരല്ലെന്നും എല്ലാവരുടെയും വേരുകൾ ഹിന്ദുമതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ താത്രിയിൽ നടന്ന പരിപാടിയിലായിരുന്നു ഗുലാം നബിയുടെ അഭിപ്രായപ്രകടനം.
ഇത് ഞാൻ പാർലമെന്റിലും പറഞ്ഞിട്ടുണ്ട്. അത് നിങ്ങളുടെ അടുത്തെത്തിയിട്ടുണ്ടാകില്ല. ഒരു ചർച്ചയ്ക്കിടെ ഇന്ത്യയിലേക്കു വന്ന വിദേശികളെ കുറിച്ച് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. എന്നാൽ, അങ്ങനെ സ്വദേശി-വിദേശി പ്രശ്‌നങ്ങളൊന്നുമില്ല. നമ്മളെല്ലാം ഇവിടത്തുകാർ തന്നെയാണ്-അദ്ദേഹം പറഞ്ഞു.
''1,500 വർഷംമുൻപ് ഉണ്ടായതാണ് ഇസ്‌ലാം. എന്നാൽ, അതിലും അതിപുരാതനമാണ് ഹിന്ദുമതം. പത്തോ ഇരുപതോ മുസ്‌ലിംകളെ മാത്രമാണ് മുഗൾ സൈന്യം ഇങ്ങോട്ടുകൊണ്ടുവന്നത്. ബാക്കിയുള്ളവരെല്ലാം മതംമാറുകയായിരുന്നു.
600 വർഷംമുൻപ് കശ്മീരിൽ മുസ്‌ലിംകളുണ്ടായിരുന്നോ? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീട് ഇസ്‌ലാമിലേക്കു മതംമാറുകയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ഹിന്ദു മതത്തിൽ ജനിച്ചവരാണെന്നു ഞാൻ പറയുന്നത്. ഹിന്ദുവും മുസ്‌ലിമും രജ്പുതും ബ്രാഹ്മണനും ദലിതനും കശ്മീരിയും ഗുജ്ജാറുമെല്ലാം ഈ മണ്ണിന്റെ ഭാഗമാണ്. അവരെല്ലാം നാടിനു വേണ്ടി ഒന്നിച്ചുനിൽക്കുകയും വേണം.''
നമ്മൾ ആരും പുറത്തുനിന്നു വന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ വേരുകളെല്ലാം ഈ മണ്ണിൽ തന്നെയാണുള്ളത്. ഈ മണ്ണിലാണ് നമ്മൾ ജനിച്ചത്. ഇവിടത്തന്നെ മരിക്കുകയും ചെയ്യും. സമാനമായി തന്നെയാണ് നമ്മുടെ ഹിന്ദു സഹോദരങ്ങൾ മരിക്കുമ്പോഴും അവരെ സംസ്‌കരിക്കുന്നത്. സംസ്‌കാരത്തിനുശേഷം അവരുടെ കുടുംബം ചാരം രാജ്യത്തെ നദികളിലൊഴുക്കുകയാണു ചെയ്യുന്നതെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.
2022 ആഗസ്റ്റിലാണ് ഗുലാം നബി കോൺഗ്രസ് വിടുന്നത്. സെപ്റ്റംബർ 26ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടിക്കും രൂപംനൽകി. അഞ്ചു പതിറ്റാണ്ടുകാലം കോൺഗ്രസിൽ താഴേതട്ടുമുതൽ നേതൃതലങ്ങളിൽ വരെ നിറഞ്ഞുനിന്ന ശേഷമായിരുന്നു പുതിയ നീക്കം. ജമ്മു കശ്മീർ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിരുന്നു അദ്ദേഹം.
Summary: 'Muslims in Kashmir were Pandits and Indian Muslims' origin is Hinduism; Hinduism much older than Islam': Ghulam Nabi Azad