India
Kashmiri journalist Asif Sultan arrested again after two days of release
India

അഞ്ച് വർഷത്തെ തടവിന് ശേഷം വിട്ടയച്ചു; രണ്ട് ദിവസത്തിനകം കശ്മീരി മാധ്യമപ്രവർത്തകനെ വീണ്ടും പിടികൂടി

Web Desk
|
1 March 2024 2:28 PM GMT

വ്യാഴാഴ്ച വീട്ടിലെത്തിയ ആസിഫ് സുൽത്താനെ രാത്രി തന്നെ വീണ്ടും പിടികൂടുകയായിരുന്നു

ശ്രീനഗർ: അഞ്ച് വർഷത്തെ തടവനുഭവിച്ച മാധ്യമപ്രവർത്തകനെ വിട്ടയച്ച് രണ്ട് ദിവസത്തിനകം മറ്റൊരു കേസിൽ വീണ്ടും പിടികൂടി. ശ്രീനഗർ ആസ്ഥാനമായുള്ള ഇംഗ്ലീഷ് മാസികയായ കശ്മീർ നരേറ്ററിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ആസിഫ് സുൽത്താനെയാണ് മറ്റൊരു യു.എ.പി.എ കേസിൽ വീണ്ടും പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ പിടികൂടിയതെന്നാണ് ജമ്മു കശ്മീർ പൊലീസ് പറയുന്നത്. നാഷണൽ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ ജോൺ അബുച്ചോൺ പ്രസ് ഫ്രീഡം അവാർഡ് നൽകി ആദരിക്കപ്പെട്ട ആസിഫിനെ ഉത്തർപ്രദേശിലെ അംബേദ്ക്കർ നഗർ ജില്ലാ ജയിലിൽനിന്ന് ചൊവ്വാഴ്ചയാണ് വിട്ടയച്ചത്. വ്യാഴാഴ്ച വീട്ടിലെത്തിയ അദ്ദേഹത്തെ രാത്രി തന്നെ വീണ്ടും പിടികൂടുകയായിരുന്നു.

അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷെൻ ആക്ട്(യു.എ.പി.എ) കേസിൽ 2018 സെപ്തംബറിലാണ് ഇദ്ദേഹം ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. നിരോധിത സംഘത്തിന് സഹായം നൽകിയെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട തീവ്രവാദി കമാൻഡർ ബുർഹാൻ വാനിയെക്കുറിച്ചുള്ള കുറിപ്പ് കാശ്മീർ നരേറ്ററിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ആസിഫിനെ അറസ്റ്റ് ചെയ്തത് പത്രപ്രവർത്തനത്തിന്റെ പേരിലാണെന്നാണ് സഹപ്രവർത്തകരും കുടുംബവും ആരോപിച്ചിരുന്നത്. എന്നാൽ സുൽത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും തീവ്രവാദികൾക്ക് അഭയം നൽകിയെന്നുമാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞത്. എന്നാൽ തീവ്രവാദ സംഘങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാൻ കഴിയാതിരുന്നതോടെ ജമ്മു കശ്മീർ ഹൈക്കോടതി 2022 ഏപ്രിലിൽ ആസിഫിന് ജാമ്യം നൽകി. പക്ഷേ, ദിവസങ്ങൾക്കകം ഇദ്ദേഹത്തിനെതിരെ പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) ചുമത്തി. ഇതോടെ ശ്രീനഗർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സുൽത്താനെ പൊതു സുരക്ഷാ നിയമപ്രകാരം ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റി.

ആസിഫ് സുൽത്താനെ പൊതു സുരക്ഷാ നിയമപ്രകാരം തടങ്കലിൽ വച്ചത് ഡിസംബർ 11 ന് ജമ്മു കശ്മീർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ കശ്മീർ ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റിൽനിന്നുമുള്ള കത്തുകൾ ലഭിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് അംബേദ്ക്കർ നഗർ ജില്ലാ ജയിൽ അധികൃതർ അദ്ദേഹത്തെ വിട്ടയിച്ചിരുന്നില്ല. ഒടുവിൽ വിട്ടയച്ചപ്പോൾ ദിവസങ്ങൾക്കകം മറ്റൊരു കേസിൽ വീണ്ടും അദ്ദേഹത്തെ പിടികൂടിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിലെ റെയ്‌നാവാരി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും പിന്നീട് നൗഹട്ട പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി കുടുംബം ജാമ്യാപേക്ഷ സമർപ്പിച്ചെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ പറഞ്ഞതായാണ് റിപ്പോർട്ട്.

Similar Posts