ഡല്‍ഹി മദ്യനയ കേസ്: കവിത ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരായില്ല
|മറ്റ് പ്രതികൾക്ക് ഒപ്പമിരുത്തി കവിതയെ ഇന്ന് ചോദ്യംചെയ്യാനായിരുന്നു ഇ.ഡിയുടെ നീക്കം
ഡൽഹി: ഡല്‍ഹി മദ്യനയ കേസിൽ ബി.ആർ.എസ് നേതാവ് കവിത ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ വഴിയാണ് കവിത ഇ.ഡിയെ അറിയിച്ചത്. കേസിലെ മറ്റ് പ്രതികൾക്കൊപ്പം കവിതയെ ചോദ്യംചെയ്യാനായിരുന്നു ഇ.ഡിയുടെ നീക്കം.
ഇ.ഡി നൽകിയ നോട്ടീസ് പ്രകാരം 11 മണിക്കാണ് ചോദ്യംചെയ്യലിനായി കവിത ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് കവിത അഭിഭാഷകൻ ഭരത് വഴി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകൻ വഴി കവിത കൈമാറിയിട്ടുണ്ട്.
കവിതയുടെ മുൻ ഓഡിറ്റർ ബുച്ചി ബാബുവിനെ ഇ.ഡി ഇന്ന് ചോദ്യംചെയ്യുന്നുണ്ട്. ഇയാൾ ഉൾപ്പെടെ കേസിലെ മറ്റ് പ്രതികൾക്ക് ഒപ്പമിരുത്തി കവിതയെ ഇന്ന് ചോദ്യംചെയ്യാനായിരുന്നു ഇ.ഡിയുടെ നീക്കം. എന്നാൽ വിളിച്ച് വരുത്തിയുള്ള ഇ.ഡിയുടെ ചോദ്യംചെയ്യലിന് എതിരെ കവിത സമർപ്പിച്ച ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ മാസം 24ന് ഹരജിയിൽ കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് കവിതയ്ക്ക് ലഭിച്ച നിയമോപദേശം.
കേസിൽ അറസ്റ്റിലായ വ്യവസായി അരുൺ രാമചന്ദ്ര പിള്ളയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകാൻ ഇ.ഡി കോടതിയിൽ ഇന്ന് ആവശ്യപ്പെടുന്നതും കവിതയ്ക്ക് ഒപ്പമിരുത്തി ചോദ്യംചെയ്യാനാണ്. പതിനൊന്നാം തിയ്യതി 9 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇന്ന് ഹാജരാകാൻ കവിതയോട് ഇ.ഡി നിർദേശിച്ചത്. കവിതയുടെ വീടിന് മുൻപിൽ ബി.ആർ.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചതിന് പിന്നാലെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.