India
KC Tyagi resigns as JD(U) spokesperson amid rift reports with the Modi government, JDU BJP rift, NDA conflict, Nitish Kumar,

നിതീഷ് കുമാറും കെ.സി ത്യാഗിയും

India

ദേശീയ വക്താവ് സ്ഥാനത്തുനിന്ന് രാജിവച്ച് കെ.സി ത്യാഗി; ജെ.ഡി.യുവിൽ വിള്ളൽ?

Web Desk
|
1 Sep 2024 11:05 AM GMT

വഖഫ് ബിൽ, ജാതി സെൻസസ്, ഏക സിവിൽകോഡ്, ഇസ്രായേലുമായുള്ള ആയുധ ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി സർക്കാരിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചയാളാണ് കെ.സി ത്യാഗി

പാട്‌ന: വിവിധ വിഷയങ്ങളിൽ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി നിലപാട് സ്വീകരിച്ചതിനു പിന്നാലെ ജനതാദളിൽ(യുനൈറ്റഡ്) വിള്ളലെന്നു സൂചന. മുതിർന്ന നേതാവും മുൻ എം.പിയുമായ കെ.സി ത്യാഗി പാർട്ടി ദേശീയ വക്താവ് സ്ഥാനത്തുനിന്നു രാജിവച്ചു. പാർട്ടിയെ കാര്യമായി പ്രതിരോധിക്കേണ്ട വിഷയങ്ങൾ വളരെ കുറവാണെന്നാണു രാജികാരണമായി അദ്ദേഹം വ്യക്തമാക്കിയത്. മുതിർന്ന നേതാവ് രാജീവ് രഞ്ജൻ പുതിയ ജെ.ഡി.യു ദേശീയ വക്താവാകും.

ദേശീയ വക്താവ് സ്ഥാനത്തുനിന്ന് ഇതു രണ്ടാം തവണയാണ് ത്യാഗി രാജിവയ്ക്കുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്നത്. ഇതിനുമുൻപ് 2023 മാർച്ചിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ജെ.ഡി.യു തലവൻ നിതീഷ് കുമാർ ഇടപെട്ടാണ് അന്ന് ആഴ്ചകൾക്കുശേഷം തീരുമാനം പിൻവലിച്ചത്.

നിതീഷ് കുമാർ ദേശീയ അധ്യക്ഷനും സഞ്ജയ് കുമാർ ഝാ വർക്കിങ് പ്രസിഡന്റുമായ പുതിയൊരു സംഘമാണ് പാർട്ടിക്ക് നിലവിലുള്ളതെന്ന് രാജിവിവരം അറിയിച്ചുള്ള പ്രതികരണത്തിൽ കെ.സി ത്യാഗി ചൂണ്ടിക്കാട്ടി. എന്റെ ഉത്തരവാദിത്തം ഏറെക്കുറെ പൂർണമായ മട്ടാണ്. ദിവസവും രാവിലെ ഏഴു മുതൽ രാത്രി 11 വരെ സജീവമായിരുന്നു ഞാൻ. ഇനി പുതിയ തലമുറ ആ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

1984ലാണ് ഞാൻ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചത്. അന്ന് പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിക്കുള്ള ഭാഗ്യമുണ്ടായി. മുൻ ബിഹാർ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി താക്കൂറിനൊപ്പവും തനിക്കു പ്രവർത്തിക്കാനായിട്ടുണ്ടെന്നും ത്യാഗി ചൂണ്ടിക്കാട്ടി.

ജെ.ഡി.യു മൂന്നാം മോദി സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതിനുശേഷം പലതവണ വേറിട്ട നിലപാടുമായി വാർത്തകളിൽ നിറഞ്ഞിരുന്നു കെ.സി ത്യാഗി. ന്യൂനപക്ഷ-മുസ്ലിം വിരുദ്ധ നയങ്ങളും നിലപാടുകളുമൊന്നും അംഗീകരിക്കില്ലെന്നായിരുന്നു പുതിയ സർക്കാർ അധികാരമേറ്റത്തിനു പിന്നാലെ ദേശീയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ഇതിനുശേഷം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി പലതവണ രംഗത്തെത്തി. വഖഫ് ബിൽ, ജാതി സെൻസസ്, ഏക സിവിൽകോഡ്, യു.പി.എസ്.സി ലാറ്ററൽ എൻട്രി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടാണ് ത്യാഗിയും ജെ.ഡി.യുവും സ്വീകരിച്ചത്.

ഏറ്റവുമൊടുവിൽ ഇസ്രായേലിനുള്ള ആയുധ ഇടപാടിനെതിരും അദ്ദേഹം എതിർത്തു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കു കൂട്ടുനിൽക്കരുതെന്നാണ് ത്യാഗി ആവശ്യപ്പെട്ടത്. ഇസ്രായേലിനുള്ള ആയുധ വിൽപന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. ത്യാഗിയുടെ നിരന്തരമുള്ള ഇടപെടലുകളും വിമർശനങ്ങളും കേന്ദ്ര സർക്കാരിനെ പലവട്ടം വെട്ടിലാക്കിയിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതൃത്വം ശക്തമായ എതിർപ്പ് അറിയിച്ചതായാണു വിവരം. ഇതോടൊപ്പം ജെ.ഡി.യുവിനകത്തും എതിർപ്പുകൾ പുകയുന്നുണ്ടായിരുന്നു.

പാർട്ടിയിലെ ആദരണീയനായ നേതാവാണെങ്കിലും പല വിഷയങ്ങളിലും ഹൈക്കമാൻഡിനോട് ചോദിക്കാതെയാണ് അദ്ദേഹം പ്രസ്താവനകൾ ഇറക്കുന്നതെന്നാണ് ഒരു മുതിർന്ന ജെ.ഡി.യു നേതാവ് 'ഇന്ത്യൻ എക്സ്പ്രസി'നോട് പ്രതികരിച്ചത്. ലാറ്ററൽ എൻട്രിയും ഏക സിവിൽകോഡുമെല്ലാം ഗൗരവമേറിയ വിഷയങ്ങളാണ്. പാർട്ടി നേതൃത്വത്തിന്റെ നിലപാട് അന്വേഷിക്കാതെ വലിയ പ്രസ്താവനകൾ ഇറക്കുന്നത് സഖ്യത്തിൽ തന്നെ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേൽ ആയുധ ഇടപാട് വിഷയത്തിൽ സ്വീകരിച്ച നിലപാടും ജെ.ഡി.യു നേതാവ് ചോദ്യംചെയ്തു. വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ നയത്തോടൊപ്പം നിൽക്കുകയാണു പതിവ്. ഒരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കുന്നത്. എന്നാൽ, ഇത്തരമൊരു വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിരുന്നൊരുക്കുകയും അവർ തയാറാക്കിയ പ്രസ്താവനയിൽ ഒപ്പുവയ്ക്കുകയുമെല്ലാം ചെയ്തത് ഒരിക്കലും ശരിയായില്ലെന്നും നേതാവ് പറഞ്ഞു.

2003ൽ സമതാ പാർട്ടിയും ജെ.ഡി.യുവും ലയിച്ച ശേഷം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു കെ.സി ത്യാഗി. 2013ലാണ് ഉപേന്ദ്ര കുഷ്വാഹ പാർട്ടി വിട്ടതിനു പിന്നാലെ രാജ്യസഭാ അംഗമാകുന്നത്. 2016 വരെ ആ പദവിയിൽ തുടരുകയും ചെയ്തു അദ്ദേഹം.

Summary: KC Tyagi resigns as JD(U) spokesperson amid rift in Modi government reports

Similar Posts