India
kc venugopal
India

'തോറ്റിട്ടും ജയിച്ച നേതാവ്, പ്യൂൺ എന്ന് അധിക്ഷേപിച്ചവർക്ക് മറുപടി': അജയ് റായിക്കും കിഷോരിലാലിനും അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാൽ

Web Desk
|
10 Jun 2024 5:29 AM GMT

''നരേന്ദ്ര മോദി വളരെ പ്രയാസപ്പെട്ട് വാരണാസിയിൽ നേടിയ ഭൂരിപക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്മൃതി ഇറാനിയെ കിഷോരിലാൽ ശർമ്മ അമേഠിയിൽ പരാജയപ്പെടുത്തിയത്''

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളായ അജയ് റായിയേയും കിഷോരിലാൽ ശർമ്മയേയും പുകഴ്ത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാൽ ശർമ്മ കാഴ്ചവെച്ചതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സി വേണുഗോപാൽ ഇരുവരുടെയും നേട്ടങ്ങളെക്കുറിച്ച് എഴുതിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും നേതാക്കളും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു.

ഇവരെയോർത്ത് അഭിമാനമുണ്ടെന്നും കോൺഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയർത്തി നടത്തിയ പ്രിയപ്പെട്ടവർക്കെല്ലാം അഭിനന്ദനങ്ങള്‍ നേര്‍ന്നുമാണ് കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''ഈ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് യുപി . രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ ഈ മണ്ണ് മാറി ചിന്തിക്കാനും ജനാധിപത്യത്തിലേക്ക് മടങ്ങി വരാനും തുടങ്ങിയെന്നതിന് തെളിവാണ് വാരണാസിയിലെ മോദിയുടെ നിറം മങ്ങിയ വിജയവും അമേഠിയിലെ ജനങ്ങൾ കോൺഗ്രസിനോട് ഒരിക്കൽ കൂടി വിശ്വാസ്യത പുലർത്തി തിരികെ വന്നതും .ബിജെപിയുടെ വ്യക്തിഹത്യയ്ക്കും അധിക്ഷേപ രാഷ്ട്രീയത്തിനും എതിരായി യുപി വിധിയെഴുതുകയായിരുന്നു. അതിന് മികച്ച ഉദാഹരണങ്ങളാണ് അമേഠിയും വാരണാസിയും .

അമേഠിക്ക് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പ്രസ്ഥാനത്തോടുമുള്ള സ്നേഹം എത്ര വലുതാണെന്ന് സ്മൃതി ഇറാനിക്കും ബിജെപിക്കും മനസ്സിലാക്കി കൊടുക്കാൻ അവർ 'പ്യൂൺ 'എന്ന് അധിക്ഷേപിച്ച കിഷോരിലാൽ ശർമ്മ തന്നെ ധാരാളമായിരുന്നു. നരേന്ദ്ര മോദി വളരെ പ്രയാസപ്പെട്ട് വാരണാസിയിൽ നേടിയ ഭൂരിപക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്മൃതി ഇറാനിയെ കിഷോരിലാൽ ശർമ്മ അമേഠിയിൽ പരാജയപ്പെടുത്തിയത്.

അമേഠി തിരികെ പിടിക്കാൻ കോൺഗ്രസ് നിയോഗിച്ച ദൗത്യം വിജയകരമായി പൂർത്തീകരിച്ച കിഷോരിലാൽ ശർമ്മയും യുപി പിസിസി അധ്യക്ഷനും വാരാണസിയിൽ മത്സരിച്ച സ്ഥാനാർത്ഥിയുമായിരുന്ന അജയ് റായും ഉൾപ്പെടെയുള്ള യുപിയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും നേതാക്കളും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ കണക്കുകളിൽ തോറ്റിട്ടും ജനമനസ്സുകളിൽ ജയിച്ച നേതാവാണ് നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിച്ച അജയ് റായ് .

ഭൂരിപക്ഷം കൂട്ടാൻ വീണ്ടും വാരണാസിയിലെത്തിയ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷത്തിലേക്ക് തള്ളിയിട്ട കോൺഗ്രസിന്റെ അഭിമാനം. കഴിഞ്ഞ തവണത്തെ 4.79 ലക്ഷം ഭൂരിപക്ഷത്തിൽ നിന്നാണ് മോദിക്ക് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായത്.

ഉത്തർപ്രദേശിൽ കോൺഗ്രസിന് പുതുജീവൻ നൽകിയ പോരാട്ടത്തിന് ചുക്കാൻ പിടിച്ച വ്യക്തിത്വം. പ്രധാനമന്ത്രിമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷത്തിലേക്ക് മോദിയെ തള്ളിയിട്ട അജയ് റായ് ഒരു പരിച്ഛേദം കൂടിയാണ്. ഈ രാജ്യം എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ പരിച്ഛേദം.

അഭിമാനമുണ്ട് ഇവരെയോർത്ത്. കോൺഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയർത്തി നടത്തിയ പ്രിയപ്പെട്ടവർക്കെല്ലാം അഭിനന്ദനങ്ങൾ''

Similar Posts