India
തെലങ്കാന മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നു; ബിജെപി നേതാവ് എന്‍ വി സുഭാഷ്
India

തെലങ്കാന മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നു; ബിജെപി നേതാവ് എന്‍ വി സുഭാഷ്

Web Desk
|
10 Oct 2021 7:39 AM GMT

ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിലും തെലങ്കാനയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ കെ ചന്ദ്രശേഖര റാവുവിനെതിരെ വോട്ടു ചെയ്യുമെന്നും സുഭാഷ് വ്യക്തമാക്കി

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഓന്തിനെ പോലെ നിറം മാറുന്നുവെന്ന് ബിജെപി നേതാവ് എന്‍ വി സുഭാഷ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് റാവു എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നതെന്നും എന്‍ വി സുഭാഷ് ആരോപിച്ചു.

"കെ ചന്ദ്രശേഖര റാവു എപ്പോഴും നരേന്ദ്ര മോദിയെ എതിര്‍ത്തു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി ബിജെപിയേയും മോദിയെയും എതിര്‍ക്കുന്ന ഏത് പാര്‍ട്ടിയിലും ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ് അദ്ദേഹം. ഓന്ത് നിറം മാറുന്നതു പോലെയാണ് അദ്ദേഹം തീരുമാനങ്ങള്‍ മാറ്റുന്നത്. 2018ല്‍ മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ലാലു പ്രസാദ് യാദവ് എന്നിവരുമായി ചേര്‍ന്ന് മൂന്നാമതൊരു മുന്നണിയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 302 സീറ്റിന്‍റെ വിജയവുമായി രണ്ടാമതും അധികാരത്തിലെത്തിയതോടെ ആ മോഹങ്ങള്‍ എല്ലാം തകര്‍ന്നുപോവുകയായിരുന്നു."- എന്‍ വി സുഭാഷ് പറഞ്ഞു.

ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പിലും തെലങ്കാനയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ കെ ചന്ദ്രശേഖര റാവുവിനെതിരെ വോട്ടു ചെയ്യുമെന്ന് ഉറപ്പാണെന്നും സുഭാഷ് വ്യക്തമാക്കി.

"നടപ്പിലാക്കാത്ത ഒരുപാട് വാഗ്ദാനങ്ങളാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞു കൊണ്ടിരുക്കുകയാണ്. കെ സി ആറിനും അദ്ദേഹത്തിന്‍റെ തെലങ്കാന രാഷ്ട്ര സമിതിയ്ക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതും. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ വിശ്വവസിക്കാത്തതു കൊണ്ടാണ് മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായത്."- എന്‍ വി സുഭാഷ് പറഞ്ഞു.

തെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തില്‍ ഒക്ടോബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഹുസുറാബാദ് എംഎല്‍എയും ആരോഗ്യ മന്ത്രിയുമായിരുന്ന ഈറ്റല രാജേന്ദര്‍, തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.


Related Tags :
Similar Posts