'സർക്കാർ രൂപീകരിക്കാൻ കെ.സി.ആർ കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചു'; ആരോപണവുമായി ഡി.കെ ശിവകുമാർ
|തെലങ്കാനയിൽ കോൺഗ്രസ് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശിവകുമാർ പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര റാവുവിനെതിരെ ഗുരുതര ആരോപണവുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സർക്കാർ രൂപീകരിക്കാൻ സഹായം തേടി ചന്ദ്രശേഖര റാവു നേരിട്ട് കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചെന്ന് ശിവകുമാർ ആരോപിച്ചു. തെലങ്കാനയിൽ കോൺഗ്രസ് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശിവകുമാർ പറഞ്ഞു.
തെലങ്കാനയുടെ ചുമതലയുള്ള നേതാവാണ് ഡി.കെ ശിവകുമാർ. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം തെലങ്കാനയിൽ എത്തിയിട്ടുണ്ട്. എക്‌സിറ്റ്‌പോൾ ഫലങ്ങൾ തെറ്റാണെന്ന് കർണാടക തെളിയിച്ചു കഴിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് യാതൊരു ഭീഷണിയോ വെല്ലുവിളിയോ ഇല്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസിൽ ചേരാനുള്ള താൽപര്യം അറിയിച്ച് നിരവധി ബി.ആർ.എസ് നേതാക്കൾ വിളിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു. കഴിഞ്ഞ തവണ തങ്ങളുടെ 12 എം.എൽ.എമാരെയാണ് ബി.ആർ.എസ് കൊണ്ടുപോയത്. എന്നാൽ ഇത്തവണ സ്വന്തം നേതാക്കളെ നഷ്ടപ്പെടാതിരിക്കാൻ ബി.ആർ.എസ് ശ്രദ്ധിക്കണമെന്നും രേണുക ചൗധരി പറഞ്ഞു.