ഡല്ഹി മദ്യനയക്കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇന്ന് ഇ.ഡി ചോദ്യം ചെയ്തേക്കും
|ചോദ്യം ചെയ്യലിന് ഹാജരാകാണാമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ തെലങ്കാന എം.എൽ.സി കൂടിയായ കവിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു
ഡൽഹി:ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാണാമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ തെലങ്കാന എം.എൽ.സി കൂടിയായ കവിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു. മദ്യനയ കേസിൽ നിയോജക മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിയുടെ വിശദീകരണ പരിപാടികൾ ഇന്ന് ആരംഭിക്കും.
കവിതയെ ചോദ്യം ചെയ്യാൻ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വഴി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഭാരത് രാഷ്ട്ര സമിതി പാർട്ടിയുമാണ് പ്രതിസന്ധിയിലായത്. കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന പ്രതിപക്ഷ ആരോപണം തന്നെയാണ് കവിതയും ആവർത്തിക്കുന്നത്. ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ നാളെ ഡൽഹി ജന്തർ മന്ദിറിൽ നിരാഹാര സമരം നടത്തുമെന്ന് കവിത പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മനീഷ് സിസോദിയക്ക് ജയിലിൽ ജീവന് ഭീഷണി ഉണ്ടെന്ന ആരോപണമാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്. എന്നാൽ അരവിന്ദ് കെജ്രിവാളിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സിസോദിയക്ക് ജീവന് ഭീഷണി ഉണ്ടെങ്കിൽ അതിന് പിന്നിൽ സ്വന്തം പാർട്ടിക്കാർ തന്നെ ആണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
ഗൃഹ സന്ദർശനം ഉൾപ്പടെയുള്ള പ്രചരണ പരിപാടികളിലൂടെ ആണ് ആം ആദ്മി പാർട്ടി മദ്യനയ കേസിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ആരംഭിച്ചത്. ഇതിൻ്റെ അടുത്ത ഘട്ടമായി മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഏറ്റവും ഒടുവിൽ അറസ്റ്റിലായ അരുൺ രാമചന്ദ്ര പിള്ളയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മനീഷ് സിസോദിയയെ കേന്ദ്രീകരിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ആണ് ഇ.ഡിയുടെ നീക്കം.