സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചു പിടിക്കൽ... 10 ഗ്യാരണ്ടികളുമായി കെജ്‌രിവാൾ
|മോദി ഗ്യാരണ്ടി ഊതി വീർപ്പിച്ച കുമിളയാണെന്നും കെജ്‌രിവാൾ ഗ്യാരണ്ടി ഒരു ബ്രാൻഡാണെന്നും കെജ്‌രിവാൾ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയിച്ചാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 10 ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യവ്യാപകമായി സൗജന്യ വൈദ്യുതിയും, വിദ്യാഭ്യാസവും, ചൈനയിൽ നിന്ന് ഭൂമി തിരിച്ചു പിടിക്കലുമടങ്ങുന്നതാണ് ഗ്യാരണ്ടികൾ. ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചു ചേർത്തായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.
മോദിയുടെ ഗ്യാരണ്ടി പോലെയല്ല കെജ്‌രിവാളിന്റെ ഗ്യാരണ്ടി എന്നായിരുന്നു പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് കെജ്‌രിവാളിന്റെ പ്രസ്താവന. മോദി ഗ്യാരണ്ടി ഊതി വീർപ്പിച്ച കുമിളയാണെന്നും കെജ്‌രിവാൾ ഗ്യാരണ്ടി ഒരു ബ്രാൻഡാണെന്നും പറഞ്ഞ കെജ്‌രിവാൾ ആരെ വിശ്വസിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കൂട്ടിച്ചേർത്തു.
രാജ്യവ്യാപകമായി എല്ലാ സമയവും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് കെജ്‌രിവാളിന്റെ ആദ്യത്തെ ഗ്യാരണ്ടി. മൂന്ന് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ രാജ്യത്തുള്ളത്. രണ്ട് ലക്ഷം മെഗാവാട്ടാണ് രാജ്യത്തെ ഉപഭോഗമെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ പഞ്ചാബിലും ഡൽഹിയിലും പരീക്ഷിച്ചത് പോലെ 200 യൂണിറ്റ് വൈദ്യുതി പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി നൽകാമെന്ന് വിശദീകരിച്ചു.
രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം വർധിപ്പിക്കുകയാണ് എഎപി മുന്നോട്ട് വച്ച മറ്റൊരു ഗ്യാരണ്ടി. അഞ്ച് ലക്ഷം കോടി രൂപയാണ് ഇതിന് വേണ്ടി വരിക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഇത് നടപ്പിലാക്കാമെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
ചൈന പിടിച്ചെടുത്ത ഇന്ത്യൻ ഭൂമി തിരിച്ചെടുക്കുകയാണ് കെജ്‌രിവാളിന്റെ മറ്റൊരു പ്രധാന ഗ്യാരണ്ടി. നയതന്ത്രപരമായും സൈനികനീക്കത്തിലൂടെയും ഇത് നടപ്പാക്കാമെന്നാണ് കെജ്‌രിവാളിന്റെ ഉറപ്പ്.
ഈ പദ്ധതികൾ കൂടാതെ രാജ്യത്തെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുക, അഗ്നിപഥ് സ്‌കീം നിർത്തലാക്കുക, വിളകൾക്ക് മിനിമം താങ്ങുവില, ഡൽഹിക്ക് പൂർണ സംസ്ഥാന പദവി, വർഷത്തിൽ രണ്ട് കോടി തൊഴിലവസരങ്ങൾ, ബിജെപിയുടെ വാഷിംഗ് മെഷീനെതിരെ അഴിമതി വിരുദ്ധ പ്രചാരണം, ജിഎസ്ടി ലഘൂകരിക്കൽ എന്നിവയും കെജ്‌രിവാളിന്റെ 10 ഗ്യാരണ്ടികളിലുണ്ട്.
എഎപിയുടെ 10 ഗ്യാരണ്ടികൾ ചുരുക്കത്തിൽ:
1. രാജ്യവ്യാപകമായി 24 മണിക്കൂറും സൗജന്യ വൈദ്യുതി
2.സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തും, മുഴുവൻ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം
3. സർക്കാർ ആശുപത്രികളുടെ പരിഷ്‌കരണം, എല്ലാവർക്കും മികച്ച ചികിത്സ സൗജന്യം
4. ചൈന കയ്യടക്കിയ ഭൂമി തിരിച്ചു പിടിക്കൽ
5. അഗ്നപഥ് സ്‌കീം നിർത്തലാക്കും
6. വിളകൾക്ക് മിനിമം താങ്ങുവില
7. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി
8. വർഷാവർഷം 2 കോടി തൊഴിലവസരങ്ങൾ
9. അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കും
10. ജിഎസ്ടി ലഘൂകരണം