കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ തടസവാദ ഹരജിയുമായി ഇ.ഡി; പത്തുദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാൻ നീക്കം
|കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ഇ.ഡി റൗസ് അവന്യു കോടതിയിൽ അവശ്യപ്പെടും
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ തടസവാദ ഹരജിയുമായി ഇ.ഡി സുപ്രിംകോടതിയെ സമീപിച്ചു. തീരുമാനമെടുക്കുന്നതിന് മുമ്പ് ഇ.ഡിയുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ഇ.ഡി റൗസ് അവന്യു കോടതിയിൽ അവശ്യപ്പെടും.10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് ഇ.ഡിയുടെ നീക്കം.
അതിനിടെ ഇ.ഡി അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയില്‍ നൽകിയ ഹരജി പിന്‍വലിച്ചു. ഇ.ഡി തടസ്സഹരജി നൽകിയതിന് പിന്നാലെയാണ് കെജ്‌രിവാൾ ഹരജി പിൻവലിച്ചത്. വിചാരണകോടതിയിൽ ഇഡി സ്വീകരിക്കുന്ന നിലപാടിനനുസരിച്ച് നീങ്ങാനാണ് കെജ്‌രിവാളിന്റെ തീരുമാനം.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിൽ ആംആദ്മിയുടെ പ്രതിഷേധം നടന്നു. റോഡിൽകുത്തിയിരുന്ന് പ്രതിഷേധിച്ച മന്ത്രിമാരെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെയും നേതാക്കളെയും റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു.