ജയിലിലും ഭരണം തുടർന്ന് കെജ്രിവാൾ; ജലക്ഷാമം നേരിടാൻ നിർദേശം നൽകി
|കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് മന്ത്രി അതിഷി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽനിന്ന് ആദ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജലമന്ത്രാലയുമായി ബന്ധപ്പെട്ട നിർദേശമാണ് അദ്ദേഹം നൽകിയത്.
നിർദേശം ആപ്പ് നേതാക്കൾ പുറത്തുവിട്ടു. ‘ഡൽഹിയിലെ ചില പ്രദേശങ്ങളിൽ വെള്ളത്തിൻ്റെയും മലിനജലത്തിൻ്റെയും നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. ഇതിൽ താൻ ആശങ്കയിലാണ്. താൻ ജയിലിലായതിനാൽ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനൽക്കാലവും വരുന്നു. ജലക്ഷാമമുള്ളിടത്ത് വെള്ളം എത്തിക്കാൻ ടാങ്കറുകൾ ക്രമീകരിക്കുക.
പൊതുജനങ്ങൾക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഉചിതമായ ഉത്തരവുകൾ നൽകുക. പൊതുപ്രശ്നങ്ങൾക്ക് ഉടനടി ഉചിതമായ പരിഹാരങ്ങൾ ഉണ്ടാകണം.
ആവശ്യമെങ്കിൽ ലെഫ്റ്റനൻ്റ് ഗവർണറുടെ സഹായം തേടണം’ -ഉത്തരവിൽ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ബി.ജെ.പിയും കേന്ദ്ര സർക്കാറും ചേർന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് ആപ്പ് മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാലും ഡൽഹിയിലെ ഒരു പ്രവർത്തനവും നിലക്കില്ല. ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിന് വോട്ടർമാർ മാത്രമല്ല, കുടുംബാംഗങ്ങളാണ്. കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അതിഷി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി മാർച്ച് 28 വരെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡയിൽ വിട്ടിരിക്കുകയാണ്.
അറസ്റ്റിലായെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ അദ്ദേഹം തയാറായിട്ടില്ല. മാത്രമല്ല, ജയിലിൽ വെച്ചും ഭരണം തുടരുമെന്ന് ആപ്പ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.