India
സവർക്കറുടെ മക്കളെ പേടിയില്ല;ഡൽഹി ലഫ്റ്റനൻറ് ഗവർണർക്കെതിരെ കെജ്‌രിവാൾ
India

'സവർക്കറുടെ മക്കളെ പേടിയില്ല';ഡൽഹി ലഫ്റ്റനൻറ് ഗവർണർക്കെതിരെ കെജ്‌രിവാൾ

Web Desk
|
22 July 2022 9:41 AM GMT

''ഇന്ത്യയിലെ പുതിയ ഭരണത്തിൽ ആരെയാണ് ആദ്യം ജയിലടക്കേണ്ടതെന്നാണ് തീരുമാനിക്കുന്നത്. പിന്നീട് കെട്ടിച്ചമച്ച കണ്ടെത്തലുകളും നുണകളും ഉപയോഗിച്ച് അയാളെ കുരുക്കുകയാണ് ചെയ്യുന്നത്''

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഡൽഹി ലഫ്റ്റനൻറ് ഗവർണർ വിനയ് കുമാർ സക്‌സേനക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യമാഫിയക്കായി നിലകൊണ്ടുവെന്നതടക്കം ഗവർണർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നാണ് ആം ആദ്മി പാർട്ടി തലവൻ ഓൺലൈനിലൂടെ പ്രതികരിച്ചത്.

''ഇന്ത്യയിലെ പുതിയ ഭരണത്തിൽ ആരെയാണ് ആദ്യം ജയിലടക്കേണ്ടതെന്നാണ് തീരുമാനിക്കുന്നത്. പിന്നീട് കെട്ടിച്ചമച്ച കണ്ടെത്തലുകളും നുണകളും ഉപയോഗിച്ച് അയാളെ കുരുക്കുകയാണ് ചെയ്യുന്നത്'' കേന്ദ്രത്തിനെതിരെ കെജ്‌രിവാൾ രൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണ സംഘങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ മോദി സർക്കാർ ഉപയോഗിക്കുന്നതായി പല പ്രതിപക്ഷ പാർട്ടികളും വിമർശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ബിജെപി നേതാക്കളെ സവർക്കറുടെ മക്കളെന്ന് വിളിച്ച കെജ്‌രിവാൾ ബ്രിട്ടീഷുകാരന് മുമ്പിൽ കുമ്പിടാതെ തൂക്കുകയർ തിരഞ്ഞെടുത്ത ഭഗത് സിങ്ങടക്കമുള്ള സ്വതന്ത്രസമര പോരാളികളുടെ മക്കളായ തങ്ങൾക്ക്‌ ജയിലിൽ പോകുന്നതിൽ ഭയമില്ലെന്നും പറഞ്ഞു.

കഴിഞ്ഞ 22 വർഷമായി സിസോദിയയെ അറിയാമെന്നും നിലവിൽ അദ്ദേഹം ഡൽഹി വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശംസനീയമായ നിലയിൽ ചെയ്യുന്ന ഈ രംഗത്തെ പ്രവർത്തനം നിർത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു. സിസോദിയക്കെതിരെയുള്ള വ്യാജ കേസ് സിബിഐക്ക് കൈമാറിയതായും കുറച്ചു ദിവസത്തിനുള്ളിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.


ഡൽഹി സർക്കാറിന്റെ മദ്യനയത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്താൻ ഗവർണർ സക്‌സേന ഇന്ന് ശിപാർശ ചെയ്തിരിക്കുകയാണ്. മദ്യവ്യാപാരികൾക്ക് അനുകൂലവും സർക്കാറിന്‌ പ്രതികൂലവുമായി സിസോദിയ ഇടപെട്ടുവെന്ന് ആരോപിച്ചാണ് നടപടി.

ഡൽഹി മോഡൽ വികസനത്തിന്റെ ജനപ്രിയതയിലും ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളിലും കേന്ദ്രം ഭയപ്പെട്ടിരിക്കുകയാണെന്നും അതിനാലാണ് പാർട്ടിയെ ആക്രമിക്കുകയും എംഎൽഎമാരെ തുറങ്കിലടയ്ക്കുകയും ചെയ്യുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. ഡൽഹിയിൽ വിജയകരമായി പ്രവർത്തിക്കുന്ന മോഡൽ അവതരിപ്പിക്കാൻ തന്നെ സിംഗപ്പൂർ ക്ഷണിച്ചെന്നും എന്നാൽ കേന്ദ്രം എല്ലാം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.



കെജ്‌രിവാളിന്റെ സിംഗപ്പൂർ സന്ദർശനത്തിന് ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഗവർണർ അനുമതി നിഷേധിച്ചിരുന്നു. തനിക്കെതിരെയുള്ള നീക്കത്തിൽ നീച രാഷ്ട്രീയമെന്നാണ് സിസേദിയ വിമർശിച്ചത്. സിംഗപ്പൂർ ഹൈക്കമീഷണർ സിമോൺ വോങ് കഴിഞ്ഞ ജൂണിൽ കെജ്‌രിവാളിനെ വേൾഡ് സിറ്റീസ് സമ്മിറ്റിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഗവർണർ അനുമതി നിഷേധിച്ചതോടെ പോകാൻ കഴിഞ്ഞിരുന്നില്ല. ആഗസ്ത് ഒന്നിന് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഗവർണറുടെ നിർദേശത്തിന് വിരുദ്ധമായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കെജ്‌രിവാൾ അറിയിച്ചിരിക്കുന്നത്.

Chief Minister Arvind Kejriwal has reacted against Delhi Lt Governor Vinay Kumar Saxena who has leveled corruption allegations against Delhi Deputy Chief Minister Manish Sisodia.

Similar Posts