കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി; ഇഡിയുടെ ലക്ഷ്യം എഎപിയെ തകർക്കുകയെന്ന് കെജ്രിവാൾ
|മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജിയും ഹൈക്കോടതി തള്ളി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഏപ്രിൽ 1 വരെയാണ് ഡൽഹി റൗസ് അവെന്യൂ കോടതി കസ്റ്റഡി നീട്ടി നൽകിയത്. ഇഡിയുടെ ലക്ഷ്യം ആം ആദ്മി പാർട്ടിയെ തകർക്കുകയെന്ന് കെജരിവാൾ കോടതിയിൽപറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപ്പര്യ ഹരജിയും ഡൽഹി ഹൈക്കോടതി തള്ളി.
ഡൽഹി റോസ് അവന്യൂ കോടതി സ്പെഷ്യൽ സി.ബി.ഐ. ജഡ്ജ് കാവേരി ബവേജയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവ് ഇറക്കിയത്. ഏഴുദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇ ഡി യുടെ ആവശ്യം. എന്നാൽ 4 ദിവസമാണ് കോടതി അനുവദിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ അതിനുള്ള മറുപടി നൽകുമെന്നും കോടതിയിലേക്ക് കൊണ്ടുപോകുംവഴി കെജ്രിവാൾ പ്രതികരിച്ചു
കെജ്രിവാൾ അന്വേഷണത്തോട് ബോധപൂർവ്വം സഹകരിക്കുന്നില്ല, ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്ന് ഇ ഡി കോടതിയിൽ ആരോപിച്ചു.കോടതിയെ അഭിസംബോധന ചെയ്ത് സംസാരിച്ച കെജരിവാൾ ഇ ഡിക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തി. കേസിൽ ആളുകളെ മാപ്പുസാക്ഷികളാക്കുകയും മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെജ്രിവാൾ ആരോപിച്ചു. ആം ആദ്മി പാർട്ടിയെ തകർക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും അറസ്റ്റിലായതിന് ശേഷം കേസിലെ മാപ്പ് സാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 50 കോടി സംഭാവന നൽകിയെന്നും കേജരിവാൾ കോടതിയിൽ ആരോപണം ഉയർത്തി. അതിനിടെ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. സുർജിത് സിങ് യാദവ് എന്നയാളാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി നൽകിയത്