അദാനിയുമായുള്ള പദ്ധതികൾ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ കൂടി പിന്മാറുമെന്ന് റിപ്പോർട്ട്
|കെനിയൻ വിമാനത്താവളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്
ഡല്‍ഹി: അദാനിയുമായുള്ള രണ്ട് വൻ പദ്ധതികൾ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതൽ മറ്റുരാജ്യങ്ങൾ കൂടി പിന്മാറുമെന്ന് റിപ്പോർട്ട്. കെനിയൻ വിമാനത്താവളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്. പ്രസിഡന്‍റ് വില്യം റൂട്ടോ ആണ് കെനിയൻ പാർലമെന്‍റില്‍ ഈക്കാര്യം അറിയിച്ചത്. ഇരുപദ്ധതികളിലും മുപ്പത് വർഷത്തെ കരാറാണ് അദാനിയുമായി കെനിയ ഒപ്പിട്ടത്. അമേരിക്കയിലെ കേസിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കേസിന് പിന്നാലെ അദാനി ഓഹരിയിലും വലിയ ഇടിവ് സംഭവിച്ചിരുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദാനി പ്രതികരിച്ചിരുന്നു. ന്യൂയോർക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നതാണു കുറ്റം.
കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് അദാനി ഗ്രൂപ്പിനെതിരെ കേസെടുത്തത്.