ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍; ഹരജി പുതുക്കിസമർപ്പിക്കും
|കേരളത്തിന് വേണ്ടി കെ.കെ വേണുഗോപാൽ സുപ്രിംകോടതിയില്‍ ഹാജരാകും
ന്യൂഡല്‍ഹി: ഗവർണർക്കെതിരെ സുപ്രിംകോടതിയിൽ നിലപാട് കടുപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ചോദ്യംചെയ്യാനുള്ള വഴിയാണ് സംസ്ഥാനം തേടുന്നത്. പുതുക്കിയ ഹരജിയിൽ ഇതിനുള്ള ആവശ്യം കൂടി ഉൾപ്പെടുത്താമെന്നാണു സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി രൂക്ഷവിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ആവശ്യങ്ങൾ പുതുക്കിനൽകാൻ സർക്കാർ ആലോചിക്കുന്നത്. സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ഓർഡിനൻസ് ആയിരുന്നപ്പോൾ ഒപ്പിടുകയും, ബില്ല് ആയപ്പോൾ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണെന്ന് സംസ്ഥാനം വിലയിരുത്തുന്നു. 213-ാമത് അനുച്ഛേദ പ്രകാരം, ഓർഡിനൻസ് ആകുമ്പോൾ അനുമതി നൽകിയത് ബില്ല് ആകുമ്പോൾ നിഷേധിക്കാൻ പാടില്ലെന്ന് മുതിർന്ന അഭിഭാഷകനായ കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതിക്ക് ബില്ല് അയക്കുമ്പോൾ മതിയായ കാരണം വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഗവർണർക്ക് പിഴവുപറ്റി. അതിനാൽ കോടതിയിൽ ചോദ്യംചെയ്യാമെന്ന നിയമോപദേശമാണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തതോടെ നിലവിലെ ഹരജിയിലെ പ്രധാന ആവശ്യങ്ങൾ അപ്രസക്തമായി. ഇതോടെയാണ് പുതുക്കിസമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഹരജി തുടരാനാണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത് കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
Summary: The Kerala State government to take strong stand against the Governor Arif Mohammed Khan in the Supreme Court