കേരളത്തിലെ നിപ മരണം; അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ
|ആരോഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക
തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദേശം.
അതേസമയം മലപ്പുറം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിലുള്ള 13 പേരുടെ സ്രവസാമ്പിളുകൾ നെഗറ്റീവായി. 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും 26 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.