India
Indian political economist Parakala Prabhakar says Kerala, not Gujarat, is the model of development, Parakala Prabhakar about Narendra Modi, Parakala Prabhakar about Kerala economy

പറക്കാല പ്രഭാകര്‍

India

ഗുജറാത്തല്ല, കേരളമാണ് വികസനമാതൃക; പാർലമെന്‍റില്‍ ഒറ്റ മുസ്‌ലിം എം.പി ഇല്ലാത്തവർ എങ്ങനെ നീതിയെക്കുറിച്ച് സംസാരിക്കും-പറക്കാല പ്രഭാകർ

Web Desk
|
24 Sep 2023 12:42 PM GMT

'ഏഴു കൊല്ലം കഴിഞ്ഞിട്ടും നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉയിർത്തെഴുന്നേറ്റിട്ടില്ല. നോട്ടുനിരോധനം എന്തു മാത്രം ദുരിതമാണ് അത് ഇന്ത്യൻ ജനതയുടെമേൽ വരുത്തിവച്ചത്.'

കോഴിക്കോട്: ഗുജറാത്തല്ല, കേരളമാണ് വികസനമാതൃകയെന്ന് പ്രമുഖ രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പറക്കാല പ്രഭാകർ. ടീം ഇന്ത്യ എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി മാത്രമാണ്. വികസനമല്ല വർഗീയതയും വിഭാഗീയതയുമാണ് ഇപ്പോഴത്തെ മുദ്രാവാക്യങ്ങൾ. പാർലമെന്റിൽ ഒരു മുസ്‌ലിം പ്രതിനിധി പോലുമില്ലാത്തത്തിൽ ആശങ്കയില്ലാത്ത ബി.ജെ.പിക്ക് എങ്ങനെയാണു നീതിയെക്കുറിച്ച് സംസാരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

'മാതൃഭൂമി'ക്കു നൽകിയ അഭിമുഖത്തിലാണ് പറക്കാല പ്രഭാകറിന്റെ തുറന്നുപറച്ചിൽ. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി ആർക്കും നിഷേധിക്കാനാവില്ല. മതസൗഹാർദവും സമാധാനവും ഇല്ലാത്ത ഒരിടത്തും വികസനം സുസ്ഥിരമാവില്ല. ഇവിടെയും കേരളത്തിന്റെ റെക്കോഡ് എത്രയോ ഗംഭീരമാണ്. സമൂഹത്തെ വിഭജിച്ചല്ല ഒന്നിച്ചുനിർത്തിയാണ് മുന്നോട്ടുപോകേണ്ടത്. സംവാദങ്ങളും ചർച്ചകളും പോലെ ജനാധിപത്യത്തെ വളർത്തുന്ന മറ്റൊന്നില്ല. ഇതിലെല്ലാം തന്നെ ഗുജറാത്ത് ഒരു മാതൃകയേയല്ല. വികസനത്തിന്റെ മാതൃക കേരളമാണോ ഗുജറാത്താണോ എന്ന് ചോദിച്ചാൽ കേരളം എന്ന് പറയാൻ എനിക്കൊരു മടിയുമില്ലെന്നും പ്രഭാകർ വ്യക്തമാക്കി.

2014ലെ ആദ്യ ചെങ്കോട്ട പ്രസംഗത്തിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരെയും മോദി പേരെടുത്ത് പരാമർശിച്ചിരുന്നു. ഇപ്പോൾ നെഹ്‌റുവിന്റെ പേര് പറയാത്തതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, അദ്ദേഹത്തിന്റെ പാർട്ടിയിലെ തന്നെ സമുന്നത നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ പേര് പോലും ഉച്ചരിക്കപ്പെടുന്നില്ല. ടീം ഇന്ത്യ എന്ന് പറഞ്ഞാൽ നേരത്തെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ജനങ്ങളും അടങ്ങിയതായിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മാത്രമേയുള്ളൂ. വികസനമല്ല വർഗീയതയും വിഭാഗീയതയുമാണ് ഇപ്പോഴത്തെ മുദ്രാവാക്യങ്ങളെന്നും അദ്ദേഹം വിമർശിച്ചു.

''വ്യക്തികൾ പ്രസ്ഥാനങ്ങൾക്കുമുകളിൽ വരുന്നത് നമ്മൾ നേരത്തെയും കണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയെ മറക്കാനാവില്ല. പക്ഷേ, ഇപ്പോഴത്തെ കാഴ്ചകൾ ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ല. ഇതുമായി തുലനം ചെയ്യുമ്പോൾ ഇന്ദിരയൊക്കെ അമച്ച്വറിഷ് ആയിരുന്നെന്ന് പറയേണ്ടി വരും. ഇപ്പോഴത്തേത് ശരിക്കും പ്രൊഫഷനൽ ആണ്.

നോട്ടുനിരോധനം എന്തു മാത്രം ദുരിതമാണ് അത് ഇന്ത്യൻ ജനതയുടെമേൽ വരുത്തിവച്ചത്. കള്ളപ്പണത്തിനെതിരെയുള്ള മിന്നൽപ്രഹരമായിട്ടാണ് നോട്ടുനിരോധനം വ്യാഖ്യാനിക്കപ്പെട്ടത്. 50 ദിവസം എനിക്ക് തരൂ അത് കഴിഞ്ഞ് നിങ്ങൾക്ക് എന്നെ എന്തും ചെയ്യാം എന്നൊക്കെയുള്ള നാടകീയ പ്രസ്താവനകളുണ്ടായി. പക്ഷേ, എന്താണ് സംഭവിച്ചത്. കള്ളപ്പണത്തിന് ഒരു കുഴപ്പവുമുണ്ടായില്ല. കള്ളപ്പണം പണത്തിന്റെ രൂപത്തിലാണ് സൂക്ഷിക്കപ്പെടുന്നതെന്ന് കരുതുന്നത് എത്രമാത്രം അസംബന്ധമാണെന്നും തെളിഞ്ഞു. ഏഴു കൊല്ലം കഴിഞ്ഞിട്ടും നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉയിർത്തെഴുന്നേറ്റിട്ടില്ല.''

പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മയൊന്നും ഇപ്പോൾ മോദി ഭരണകൂടത്തെ അലട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അടിത്തട്ടിലുള്ള തിന്മയുടെയും അധാർമികതയുടെയും ശക്തികളെ അഴിച്ചുവിടുകയാണ് വോട്ടുകിട്ടാൻ നല്ലതെന്നാണ് അവർ കരുതുന്നത്. അതുകൊണ്ടാണ് മുസ്‌ലിംകൾക്കെതിരെയുള്ള കലാപാഹ്വാനങ്ങൾ ഹരിദ്വാറിൽനിന്നും മറ്റ് പലയിടങ്ങളിൽനിന്നും ഉയരുമ്പോൾ മോദി ഭരണകൂടത്തിലെ ആരും തന്നെ അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്തത്. എല്ലാ മേഖലകളിലും വീഴ്ചകളുണ്ടായിട്ടും ഈ സർക്കാരിനെ ജനങ്ങൾ ശിക്ഷിക്കുന്നില്ല എന്നതാണ് വിചിത്രമായ യാഥാർത്ഥ്യമെന്നും പ്രഭാകർ പറഞ്ഞു.

ഇന്ത്യയുടെ ബഹുസ്വരതയെ കൈയൊഴിയുന്ന ഒരു ഭരണകൂടത്തിന് എങ്ങനെയാണ് വിശ്വഗുരുവാകാനാവുക? പാർലമെന്റിൽ ബി.ജെ.പി.ക്ക് ഒരു മുസ്‌ലിം പ്രതിനിധി പോലുമില്ല. ഇതിൽ ആശങ്കകളില്ലാത്തവർക്ക് എങ്ങനെയാണ് ലോകത്തോട് നീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കാനാവുക? ബി.ജെ.പിയുടെ വളർച്ചയിൽ കോൺഗ്രസിനുള്ള പങ്ക് കാണാതിരിക്കാനാവില്ല. പക്ഷേ, ബി.ജെ.പിയുമായി കൂട്ടുകൂടിയ എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിൽ ഉത്തരവാദികളാണ്. ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഹിന്ദുത്വ ബി.ജെ.പി ഒളിച്ചുകടത്തുന്നത് മുൻകൂട്ടി അറിയുന്നതിൽ ഇവർ പരാജയപ്പെട്ടുപോയെന്നും പറക്കാല പ്രഭാകർ കൂട്ടിച്ചേർത്തു.

Summary: Kerala, not Gujarat, is the model of development; How can those who don't have a single Muslim MP in Parliament talk about justice'': Says Indian political economist Parakala Prabhakar

Similar Posts