കേരള സ്റ്റോറി തീവ്രവാദം തുറന്നുകാട്ടുന്ന സിനിമ: നരേന്ദ്ര മോദി
|'തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടുനേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃതുസമീപനമാണ് സ്വീകരിച്ചത്'
ബംഗളൂരു: കേരള സ്റ്റോറി സിനിമയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറി. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടുനേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചത്'- മോദി കുറ്റപ്പെടുത്തി.
കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. കർണാടകയിലെ ബെല്ലാരിയിലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികൾ നടക്കുന്നത്. ബെല്ലാരിയിലെ പരിപാടിയിലാണ് പ്രധാനമന്ത്രി കേരളാ സ്‌റ്റോറിയെ പരാമർശിച്ച് കോൺഗ്രസിനെ കുറ്റപ്പെടുത്തിയത്.
'ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ് കേരളാ സ്‌റ്റോറി എന്ന ചിത്രം. ഇത് തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുന്ന ചിത്രമാണ്. ഭീകരതയേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളേയും കോൺഗ്രസ് എതിർക്കുന്നു. വോട്ടുബാങ്കിന് വേണ്ടിയാണ് കോൺഗ്രസ് ഇത് ചെയ്യുന്നത്. സിനിമക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നത് കോൺഗ്രസാണ്'. - പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥ മാത്രമാണെന്ന് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതി വ്യക്തമാക്കി. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചു.
സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന ഹരജിക്കാരുടെ വാദത്തിന് നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും സിനിമയുടെ ട്രെയ്ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് കോടതിയിൽ വന്നതെന്നുമായിരുന്നു കോടതിയുടെ മറുപടി.
നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കോടതി, കേരള സ്റ്റോറിയിൽ കുറ്റകരമായ എന്താണുള്ളതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ട്രെയിലർ കോടതി കണ്ടേ പറ്റൂവെന്നും അത് കണ്ടാൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോടതി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്നും ഹരജിക്കാർ വാദിച്ചപ്പോൾ ട്രെയ്ലർ കാണാമെന്നായിരുന്നു കോടതിയുടെ മറുപടി. ഇതിനെത്തുടർന്ന് ടീസർ പരിശോധിച്ച കോടതി ഇതിൽ ഇസ്ലാമിനെ കുറിച്ച് എന്താണ് ട്രെയ്ലറിൽ ഉള്ളതെന്ന് ഹരജിക്കാരോട് ചോദിച്ചു. ഐ.എസ്.ഐ.എസിനെ പറ്റി മാത്രമാണ് ടീസറിലുള്ളതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.