പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
|കെജ്‍രിവാളിന്‍റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം. പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെജ്‍രിവാളിന്‍റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
''പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക ഇതൊന്നും പോരാത്തതിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്‍ഡ്യ മുന്നണി നല്‍കും'' രാഹുല്‍ ഗാന്ധി എക്സില്‍ ട്വീറ്റ് ചെയ്തു. പരിശോധനയോ അറസ്റ്റോ നേരിടേണ്ടി വന്നത് പ്രതിപക്ഷം മാത്രമാണെന്ന് എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. '' ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ഫാസിസ്റ്റ് ബി.ജെ.പി സർക്കാർ നിന്ദ്യമായ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്'' അദ്ദേഹം കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്‌കരിക്കുമെന്ന ഭയത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ''ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നു. ഇന്‍ഡ്യാ മുന്നണിയുടെ രണ്ടാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നിരസിച്ചതിൽ മോദിയും ബിജെപിയും പരിഭ്രാന്തിയിലാണ്. ഈ അറസ്റ്റുകൾ ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹം ഊട്ടിയുറപ്പിക്കുകയേയുള്ളൂ.'' അദ്ദേഹം വ്യക്തമാക്കി. ''ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്'' മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ബി.ജെ.പിയുടെ കൈകളിലെ അടിച്ചമർത്തലിൻ്റെ പ്രധാന ഉപകരണങ്ങളായി മാറിയെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റ് കെ.ടി രാമറാവു പറഞ്ഞു."രാഷ്ട്രീയ എതിരാളികൾ അടിസ്ഥാനരഹിതമായ കാരണങ്ങളാൽ ലക്ഷ്യമിടുന്നു, രാഷ്ട്രീയ പകപോക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു.ബിആര്‍എസ് നേതാവ് കെ.കവിതയെ ഇതേ കേസില്‍ വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.