India
Khalistani Leader Amritpal Singh Yet To Be Arrested, Punjab On High Alert

Amritpal Singh

India

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനായില്ല; വൻ സുരക്ഷാവലയത്തിൽ പഞ്ചാബ്

Web Desk
|
19 March 2023 5:45 AM GMT

കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു.

അമൃത്സർ:ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ ഇനിയും പിടികുടാനായില്ല. ശനിയാഴ്ച രാവിലെ അമൃത് പാലിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംഘാർഷാവസ്ഥ ഒഴിവാക്കാൻ പഞ്ചാബിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജലന്ധറിലെയും അമൃത്സറിലെയും വിവിധ സ്ഥലങ്ങളിൽ പൊലീസ് വൻ തിരച്ചിൽ നടത്തുന്നുണ്ട്. നാല് വാഹനങ്ങളിലായാണ് അമൃത്പാലും അനുയായികളും രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇയാൾക്കായി വലവിരിച്ചെങ്കിലും സമാന്തര റോഡ് വഴി ജലന്ധറിലേക്ക് രക്ഷപ്പെടുകയായിരുന്നു. അമ്പതോളം വാഹനങ്ങളിലാണ് പൊലീസ് അമൃത്പാലിനെ പിന്തുടർന്നത്.

പൊലീസിനെ കണ്ടതോടെ വാഹനം യു ടേൺ എടുത്ത് മെഹ്താപൂർ ഏരിയയിൽ എത്തിയ അമൃത്പാലിന്റെ ഒരു വാഹനം പൊലീസ് പിടികൂടിയെങ്കിലും മറ്റ് മൂന്നു വാഹനങ്ങളുമായി അമൃത്പാലും സംഘവും രക്ഷപ്പെടുകയായിരുന്നു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അമൃത്പാലിനെ പിടികൂടാൻ രണ്ടാഴ്ച മുമ്പ് തന്നെ പഞ്ചാബ് പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ഡി.ജി.പി, ഇന്റലിജൻസ് മേധാവിമാർ തുടങ്ങിയവർ നിരവധി തവണ യോഗം ചേർന്നാണ് വിഘടനവാദി നേതാവിനെ പിടികൂടാനുള്ള പദ്ധതികൾ തയ്യാറാക്കിയത്. അമൃത്പാലിന്റെ ഒളിസങ്കേതങ്ങൾ കണ്ടെത്താനായി ഇന്റലിജൻസ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. 10 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഖലിസ്ഥാൻ വാദിയായ ജെർനെയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാൽ സിങ് ഭിന്ദ്രൻവാല രണ്ടാമൻ എന്നാണ് അറിയപ്പെടുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാൾ നേതൃത്വം ഏറ്റെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 23-ന് അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളുടെ അനുയായിയെ മോചിപ്പിക്കാനാണ് തോക്കുകളും വാളുകളുമായി നൂറുകണക്കിന് പേർ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചത്. ഇതിൽ ആറ് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Similar Posts