India
satyal malik at RK Puram Police stationആർ.കെ പുരം പൊലീസ് സ്റ്റേഷനിലെത്തിയ സത്യപാല്‍ മല്ലിക്ക്
India

സത്യപാൽ മല്ലിക്കിനെ പിന്തുണച്ച് യോ​ഗം; വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്ത് നേതാക്കൾ കസ്റ്റഡിയിൽ

Web Desk
|
22 April 2023 9:51 AM GMT

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകൾ.

ന്യൂദൽ​ഹി: മുൻ കശ്മീർ ​ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ഖാപ് പഞ്ചായത്ത് നേതാക്കളെ ദൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ൽ ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെയായിരുന്നു ഖാപ് പഞ്ചായത്ത് നേതാക്കൾ യോ​ഗം ചേർന്നത്.

സത്യപാൽ മല്ലിക്കിന്റെ ന്യൂദൽഹിയിലെ വസതിയിൽ വെച്ചായിരുന്നു യോ​ഗം. ഹരിയാന, ദൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി മൂന്നൂറോളം പേർ വസതിയിലെത്തിയിരുന്നു. ഇക്കൂട്ടത്തിലെ നേതാക്കളായ മുപ്പതോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇതിന് പിന്നാലെ സത്യപാൽ മല്ലിക്കും ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് കസ്റ്റഡ‍ിയിലെടുത്തവർക്കൊപ്പം ഇരിക്കുന്ന ഫോട്ടോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

അനുമതിയില്ലാതെ യോഗം ചേർന്നതെന്നതുകൊണ്ടാണ് ആളുകളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സത്യപാൽ മല്ലിക്കിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം സ്വമേധയാ സ്റ്റേഷനിലെത്തിയതാണെന്നും എപ്പോൾ വേണമെങ്കിലും പോകാമെന്നും ദൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

അടുത്തിടെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകൾ. ഇതേ തുടർന്ന് സത്യപാൽ മല്ലിക്കിനെതിരെ ചില ബി.ജെ.പി നേതാക്കൾ രം​ഗത്തുവന്നിരുന്നു.

ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന കേസും സി.ബി.ഐയുടെ ചോദ്യം ചെയ്യലും ബി.ജെ.പിയുടെ പ്രതികാര നടപടിയാണെന്ന് ബി.കെ.യു നേതാവ് ​ഗുർണാം സിങ് ചാരുണി പറഞ്ഞു. "ആശങ്കപ്പെട്ടതുപോലെ സത്യപാൽ മല്ലിക്കിന് പിന്നാലെ ബി.ജെ.പി എത്തിയിരിക്കുകയാണ്. കർഷകരെ പിന്തുണച്ചുകൊണ്ട് നേരത്തെ അദ്ദേഹം സംസാരിച്ചിരുന്നു. അപ്പോൾ തന്നെ ബി.ജെ.പി അവരുടെ സ്വഭാവം കാണിച്ചു. അദ്ദേഹത്തിന് സി.ബി.ഐയുടെ വിളിയും വന്നു," ​ഗുർ‌ണാം സിങ് പറഞ്ഞു.

2020-2021ൽ മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരത്തിനിറങ്ങിയപ്പോൾ അവർക്ക് പിന്തുണയുമായി സത്യപാൽ മല്ലിക്ക് എത്തിയിരുന്നു. ഇത് ബി.ജെ.പിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു.

Similar Posts